തിരുവനന്തപുരം : ഉറവിടമാലിന്യ സംസ്കരണം എന്ന സന്ദേശവുമായി നഗരസഭയുടെ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. ഉറവിടമാലിന്യ സംസ്കരണം ജനകീയമാക്കാൻ നഗരത്തിലെ 25 സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് കിച്ചൺ ബിന്നുകളുടെ വിതരണവും പാളയം കണ്ണിമേറാ മാർക്കറ്റിന് സമീപം കമ്പോസ്റ്റിംഗ് മേളയും ആരംഭിച്ചു.
മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അയിഷാ ബേക്കർ, ഹെൽത്ത് ഓഫീസർ ഡോ. എ. ശശികുമാർ എന്നിവർ സംസാരിച്ചു.
ജൈവമാലിന്യ പരിപാലനത്തിനുള്ള വിവിധ സംവിധാനങ്ങളുടെയും പ്രകൃതി സൗഹൃദ പ്ലാസ്റ്റിക് ബദലുകളായ തുണിസഞ്ചി, കോട്ടൺ സാനിട്ടറി പാഡുകൾ മുതലായവയുടെ പ്രദർശനവും വിപണനവും കമ്പോസ്റ്റിംഗ് മേളയിൽ ഒരുക്കിയിട്ടുണ്ട്. 11 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് കൗണ്ടറുകളുടെ പ്രവർത്തനം.
കിച്ചൺബിന്നുകൾ ആവശ്യമുള്ളവർ കൗൺസിലറുടെ ശുപാർശയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷ സമർപ്പിക്കണം. ബയോ കമ്പോസ്റ്ററിൽ ഉപയോഗിക്കുന്നതിനുള്ള ഇനോകുലം കിയോസ്‌കുകളിൽ നിന്ന് സബ്സിഡി നിരക്കിൽ ലഭ്യമാകും.
കരിയില കത്തിക്കുന്നത് മൂലമുള്ള വായുമലിനീകരണം ഒഴിവാക്കുന്നതിനായി നഗരസഭ സ്ഥാപിക്കുന്ന കരിയില സംഭരണികൾ ഇന്ന് രാവിലെ 11.30ന് കവടിയാറിൽ മേയർ ഉദ്ഘാടനം ചെയ്യും. 10, 11 തീയതികളിൽ വി.ജെ.ടി ഹാളിൽ വിപുലമായ എക്‌സിബിഷനും സെമിനാറും നടത്തും.