തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം പുരോഗമിക്കവെ ശ്രീകാര്യം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കേശവദാസപുരം തുടങ്ങി ഒട്ടുമിക്ക പ്രധാന വീഥികളും ഗതാഗതക്കുരുക്കിലാണ്. വാഹനഗതാഗതം തടസപ്പെടാതിരിക്കാൻ പൊലീസ് ഒരുക്കിയ ബദൽ സംവിധാനങ്ങൾ പൂർണമായും വിജയം കണ്ടില്ല. സ്‌കൂൾ തുറന്നതോടെ മിക്ക സ്ഥലങ്ങളിലും ഗതാഗത തടസം രൂക്ഷമായിരിക്കുകയാണ്. ഉള്ളൂർ - മെഡിക്കൽ കോളേജ് റോഡിന്റെ ശോചനീയാവസ്ഥയും അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെ വളരെ ബുദ്ധിമുട്ടിയാണ് രോഗികളെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിലെ വൻകുഴികളിൽ വെള്ളം നിറഞ്ഞ നിലയിലായതിനാൽ അപകട സാദ്ധ്യത ഏറെയാണ്. എലിവേറ്റഡ് ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതുവരെ എല്ലാ ദിവസങ്ങളിലും ഈ നില തുടരുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
റോഡ് തകർന്നത് ഇവിടെ
മെഡിക്കൽ കോളേജ് കെ.എച്ച്.ആർ.ഡബ്ലിയു.എസ് പേവാർഡിന് എതിർവശം
ഉള്ളൂർ ഇളങ്കാവ് ക്ഷേത്രത്തിന് സമീപം
മെഡിക്കൽ കോളേജ് ജംഗ്‌ഷൻ
ഉള്ളൂർ - ആക്കുളം റോഡിലേക്ക് വാഹങ്ങൾ തിരിയുന്ന ഭാഗം
ഉള്ളൂർ നീരാഴി ലെയ്‌നിന് മുൻവശം
കൊച്ചുള്ളൂർ ജംഗ്ഷന് സമീപം
ഉള്ളൂർ - കേശവദാസപുരം റോഡിൽ ക്രെഡൻസ് ആശുപത്രിക്ക് സമീപം
കേരള റോഡ് ഫണ്ടും ടി.ആർ.ഡി.സി.എല്ലും ഒളിച്ചുകളിക്കുന്നു
തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമായി കേന്ദ്ര സഹായത്തോടെ ആരംഭിച്ച ജൻറം പദ്ധതിയുടെ ഭാഗമായി പൊളിച്ച ഉള്ളൂർ - മെഡിക്കൽ കോളേജ് റോഡ് അറ്റകുറ്റപ്പണി നടത്താതെ കേരള റോഡ് ഫണ്ടും ടി.ആർ.ഡി.സി.എല്ലും ഒളിച്ചുകളിക്കുകയാണ്.
ഒരു കിലോമീറ്ററിനുള്ളിൽ ആറോളം ഇടങ്ങളിലാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ജൻറം പദ്ധതിക്കായി റോഡ് പൊളിക്കുന്നതിന് മുൻപുതന്നെ റീ ടാറിംഗിനുള്ള പണവും ഇതു സംബന്ധിച്ച റിപ്പോർട്ടും റോഡ്ഫണ്ട് അധികൃതർക്ക് കൈമാറിയിരുന്നു. വർക്ക് ഓർഡർ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തത് ടി.ആർ.ഡി.സി.എല്ലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഇതിനുപുറമെ കുമാരപുരത്തിനു സമീപത്തുണ്ടായിരുന്ന പ്ലാന്റ് പൂട്ടിയതും കാരണമായി. അറ്റകുറ്റപ്പണി നടത്തിയ വകയിൽ കോടിക്കണക്കിന് രൂപ കുടിശിക ഇനത്തിൽ ടി.ആർ.ഡി.സി.എല്ലിന് ലഭിക്കാനുണ്ടെന്നും പറയുന്നു.
അറ്റകുറ്റപ്പണി നടത്തേണ്ടത് 1 കിലോമീറ്ററിനുള്ളിൽ 6 ഇടങ്ങളിൽ
എത്രയും പെട്ടെന്ന് തകർന്ന റോഡിന്റെയും അനുബന്ധ നടപ്പാതയുടെയും നിർമ്മാണപ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകും. - സന്നദ്ധ സംഘടനകൾ