gol

തിരുവനന്തപുരം: കേരളത്തിലേക്ക് സ്വർണവും ഇവിടെനിന്ന് വിദേശ കറൻസിയും കള്ളക്കടത്ത് നടത്തുന്ന റാക്കറ്റിൽ പാകിസ്ഥാൻകാരനുമുണ്ടെന്ന് വ്യക്തമായതോടെ ദേശീയ ഏജൻസികൾ അന്വേഷണം തുടങ്ങി. എൻ.ഐ.എയും റാ (റിസർച്ച് അനാലിസിസ് വിംഗ്) യുമാണ് കേരളത്തിലേക്കുള്ള സ്വർണക്കടത്ത് കേസുകൾ പരിശോധിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴി 8.17 കോടിയുടെ 25 കിലോഗ്രാം സ്വർണം കൊണ്ടുവന്ന ആലുവ സ്വദേശിനി സെറീനാ ഷാജി ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) നൽകിയ മൊഴിയിലാണ് പാകിസ്ഥാൻ പൗരൻ നദീമിന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്. സ്വർണക്കടത്തിന്റെ ഏകോപനം നടത്തുന്നത് ഇയാളാണെന്നാണ് കരുതുന്നത്. ദുബായ് കേന്ദ്രമായി സ്വർണക്കടത്ത് നടത്തുന്ന തിരുവനന്തപുരം സ്വദേശി ജിത്തുവിനെ സെറീനയ്ക്ക് പരിചയപ്പെടുത്തിയത് നദീമാണ്. ദുബായിലെ വൻകിട റിയൽ എസ്റ്റേറ്റ് ഏജന്റുകൂടിയാണ് നദീം. 25 കിലോ സ്വർണം സെറീനയുടെ പക്കൽ കൊടുത്തുവിട്ടത് ജിത്തുവാണ്.

ദുബായിലെ കരാമയിൽ ബ്യൂട്ടിസലൂൺ നടത്തുന്ന സെറീന അവിടത്തെ കൺസ്ട്രക്‌ഷൻ കമ്പനിയുടെ വർക്കിംഗ് പാർട്ണർ കൂടിയാണ്. സലൂണിലേക്ക് കോസ്‌മെ​റ്റിക്‌സ് നൽകുന്ന കരാറെടുത്ത നദീം, തന്റെ ഫ്ലാറ്റിൽ താമസിക്കുന്ന ആൾ എന്നുപറഞ്ഞാണ് ജിത്തുവിനെ പരിചയപ്പെടുത്തിയതെന്നും കഴിഞ്ഞ മാർച്ചിൽ ദുബായിലെ ദെയ്‌റയിലെ സലാഹ്- അൽ- ദിൻ മെട്രോ സ്റ്റേഷനിൽ വച്ച് ജിത്തുവിനെ കണ്ടപ്പോഴാണ് സ്വർണം കടത്തുന്നതിന്‌ ധാരണയായതെന്നുമാണ് സെറീനയുടെ മൊഴി. സ്വർണം കടത്തുന്നവർക്ക് എസ്‌കോർട്ടായി പോകണമെന്ന് ആവശ്യപ്പെട്ട ജിത്തു പ്രതിഫലമായി പോയിവരാനുള്ള വിമാനടിക്ക​റ്റും 2000 ദിർഹവും വാഗ്ദാനം ചെയ്തു. ദുബായിലെ റോയൽ ജുവലറിയിൽ നിന്ന് സ്വർണം വാങ്ങിയതിന്റെ രേഖകൾ നൽകിയെന്നും ഇതു ദുബായ് എയർപോർട്ടിൽ കാണിച്ച് അനുമതി തേടിയെന്നും സെറീന മൊഴി നൽകി. ഇവർ കടത്തിയ സ്വർണം വാങ്ങിയിരുന്നത് മലപ്പുറത്തെ ഹക്കിം, മുഹമ്മദാലി എന്നിവരാണ്.

ജിത്തുവിന്റെ പാക് ബന്ധം?

ദുബായിൽ നിന്നുള്ള സ്വർണക്കടത്തിന്റെ ആസൂത്രകനായ ജിത്തുവിന്റെ പാക് ബന്ധമാണ് ദേശീയ അന്വേഷണ ഏജൻസികൾ പ്രധാനമായും പരിശോധിക്കുക. ബർദുബായിലാണ് ഇയാളുടെ കേന്ദ്രം. യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ജിത്തുവിനെ കണ്ടെത്തി ഇന്ത്യയിലേക്ക് കയറ്റിവിടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സെറീനയ്ക്ക് പുറമെ നിരവധി സ്ത്രീകളെ ജിത്തുവും നദീമും സ്വർണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.

പാകിസ്ഥാൻ പൗരൻ ഉൾപ്പെടുന്ന, ദേശസുരക്ഷയെ ബാധിക്കുന്ന കേസായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ഡി.ആർ.ഐ കോടതിയിൽ ആവശ്യപ്പെടും. ഫെബ്രുവരി 4, 10, 26, മാർച്ച് 22, ഏപ്രിൽ 5, മേയ് 1, 9, 13 തീയതികളിലായി 75 കിലോഗ്രാം സ്വർണം കടത്തിയതായും സെറീന വെളിപ്പെടുത്തിയിട്ടുണ്ട്. ദുബായിൽ ബ്യൂട്ടിഷ്യൻ ജോലിക്ക് കൊണ്ടുപോയ 12 യുവതികളെ ഉപയോഗിച്ച് സെറീന സ്വർണം കടത്തിയിട്ടുണ്ടെന്നും ഡി.ആർ.ഐ പറയുന്നു. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണനുമായി ഉറ്റബന്ധം പുലർത്തിയ വിഷ്ണു സോമസുന്ദരം കേരളത്തിലുണ്ടെന്നും ഡി.ആർ.ഐ കണ്ടെത്തി. സ്വർണം കടത്തുന്നവർക്കുള്ള പ്രതിഫലം, ടിക്ക​റ്റ് തുടങ്ങിയ കാര്യങ്ങൾ വിഷ്ണുവാണ് നോക്കിയിരുന്നത്.