തിരുവനന്തപുരം: രണ്ടുദിവസം വൈകി കാലവർഷം നാളെ സംസ്ഥാനത്തെത്തും. ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയതോതിലും നാളെ മുതൽ ശക്തമായും മഴപെയ്യും. കാലവർഷം എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ സെപ്തംബർവരെയാണ് സംസ്ഥാനത്ത് മഴ നൽകുക.
ഇൗയാഴ്ച തെക്കൻ ജില്ലകളിലായിരിക്കും കാലവർഷം സജീവമാകുകയെന്ന് തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ.സന്തോഷ് പറഞ്ഞു. നാളെ തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിൽ നല്ല മഴ ലഭിക്കും. ഇൗ ജില്ലകളിലെല്ലാം നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ തന്നെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ 9നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം ജില്ലകളിൽ 10 നും ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.