secretariat

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് നോട്ടീസിറക്കിയ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് സസ്‌പെൻഷൻ. സർവീസ്ചട്ടങ്ങൾ ലംഘിച്ചതിനാണ് ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും സെക്രട്ടേറിയറ്റ് നിയമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയുമായ എം.എസ്. മോഹനചന്ദ്രൻ നായരെ സസ്‌പെൻഡ് ചെയ്‌ത് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവായത്.

'ജനം പറയുന്നു, വിജയാ കടക്കു പുറത്ത്" എന്ന തലക്കെട്ടിലാണ് കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നോട്ടീസ് മേയ് 23ന് പുറത്തിറക്കിയത്. ജനറൽസെക്രട്ടറി എം.എസ്. മോഹനചന്ദ്രന്റെ പേരിലായിരുന്നു ഇത്. ഇതിനെതിരെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽസെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന് ചീഫ് സെക്രട്ടറിയും സംഘടനാ നേതാവിനോട് വിശദീകരണം തേടി. ഇതിനൊടുവിലാണ് സസ്പെൻഡ് ചെയ്തത്.