thondi-vahanangal

കല്ലമ്പലം: കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിവാഹനങ്ങൾ സമീപത്തെ കുളത്തിൽ കുളിക്കാനെത്തുന്നവർക്ക് അപകട ഭീതിയുയർത്തുന്നതായി പരാതി. വാഹനങ്ങൾ സൂക്ഷിക്കാൻ സ്റ്റേഷൻ പരിസരത്ത് ഇടമില്ല. ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ സ്റ്റേഷന് സമീപത്ത് സൂക്ഷിച്ചിരിക്കുന്നത് അപകടകരമാം വിധമാണ്.

രണ്ടും മൂന്നും വർഷം പഴക്കമുള്ള വാഹനങ്ങൾ പോലും ഇവിടെ കേസുമായി ബന്ധപ്പെട്ട് കിടപ്പുണ്ട്. ഇത്രയധികം വാഹനങ്ങൾ പെരുകാൻ കാരണം കല്ലമ്പലം മേഖലയിൽ വർദ്ധിച്ചു വരുന്ന അപകടങ്ങളാണ്. തൊണ്ടി വാഹനങ്ങൾ കൂടിയതോടെ ഇവ നശിക്കുന്നതിനു പുറമെ ഇവിടെ നിന്നും വാഹനത്തിന്റെ ഭാഗങ്ങൾ മോഷണം പോകുന്നതായും ആക്ഷേപമുണ്ട്. കൂടാതെ ഇഴജന്തുക്കളുടെയും ശല്യവും രൂക്ഷമാണ്. കേസുകൾ തീരുന്ന മുറയ്ക്ക് വാഹനങ്ങൾ വിട്ടു കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പല വാഹനങ്ങളുടെയും ഉടമസ്ഥാവകാശത്തിന്റെ പൂർണ രേഖകൾ ഹാജരാക്കാൻ ഉടമകൾക്ക് കഴിയുന്നില്ല. മതിയായ രേഖകളില്ലാതെ വാഹനങ്ങൾ വിട്ടുനൽകാൻ പൊലീസിനുമാകില്ല.