തിരുവനന്തപുരം: അറിവിന്റെ ആദ്യപാഠത്തിലേക്ക് പിച്ച വച്ച കുരുന്നുകൾക്ക് പ്രവേശനോത്സവ മധുരം. ചിലർ ചിണുങ്ങി, മറ്റുചിലർ കരഞ്ഞു. കുറച്ചുപേർക്ക് നാണം, ചിലരാകട്ടെ യാതൊരാശങ്കയുമില്ലാതെ പുതിയ കൂട്ടുകാർക്കാപ്പം കൂട്ടുകൂടി. പുതിയ അദ്ധ്യയനവർഷത്തിന് തുടക്കമായപ്പോൾ ഇന്നലെ ജില്ലയിലെ സ്‌കൂളുകളിലെ കാഴ്ചകൾ ഇങ്ങനെയായിരുന്നു. പുത്തനുടുപ്പും ബാഗും കുടയുമായി എത്തിയ കൊച്ചുകൂട്ടുകാരെ മിഠായിയും ബലൂണും നൽകിയാണ് അദ്ധ്യാപകരും മുതിർന്ന കുട്ടികളും വരവേറ്റത്.
നവാഗതരെ കിരീടങ്ങൾ അണിയിച്ചും വർണബലൂണുകൾ നൽകിയും വാദ്യമേളങ്ങളോടെ സ്വീകരിച്ചപ്പോൾ കുരുന്നുകൾക്ക് വിസ്മയം. പൂമ്പാറ്റയുടെയും മയിലിന്റെയും തത്തയുടെയും വേഷമണിഞ്ഞ് വിദ്യാലയാങ്കണത്തിൽ ഉല്ലസിച്ച ചേട്ടന്മാരും ചേച്ചിമാരും കുരുന്നുകളെ രസിപ്പിച്ചു.
ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് നഗരത്തിലെ സ്‌കൂളുകളിൽ ഏർപ്പെടുത്തിയിരുന്നത്. സ്‌കൂൾ പരിസരം തോരണങ്ങളും വർണക്കടലാസുകളും ബലൂണുകളുംകൊണ്ട് അലങ്കരിച്ചിരുന്നു. കാർട്ടൂൺ കഥാപാത്രങ്ങളുടെയും വന്യമൃഗങ്ങളുടെയും ചിത്രങ്ങളുമായാണ് ക്ലാസ്‌മുറികൾ നവാഗതരെ വരവേറ്റത്.
രാവിലെ ഒമ്പത് മണിയോടെ സ്‌കൂളുകളിൽ പ്രവേശനോത്സവത്തിന് തുടക്കമായി. അദ്ധ്യാപകർക്കൊപ്പം പി.ടി.എ ഭാരവാഹികളും ജനപ്രതിനിധികളും പ്രവേശനോത്സവത്തിന് നേതൃത്വം വഹിച്ചു. എല്ലാ സ്‌കൂളുകളിലും ഹരിതചട്ടം പാലിച്ചായിരുന്നു പ്രവേശനോത്സവം.
വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും മണക്കാട് ടി.ടി.ഐ എൽ.പി.എസിൽ ടി.എൻ. സീമയും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ ഒന്നാംക്ലാസിൽ ചേർന്നത് മണക്കാട് സ്‌കൂളിലാണ്, 223 പേർ. കോട്ടൺഹില്ലിൽ 185 പേർ പുതുതായെത്തി. സംസ്ഥാന ശിശുക്ഷേമ സമിതിയിൽനിന്നുള്ള 18 കുരുന്നുകൾ തൈക്കാട് മോഡൽ എൽ.പി.എസിൽ പ്രവേശനം നേടി. തിരുവനന്തപുരം കോർപറേഷന്റെ പ്രവേശനോത്സവം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനംചെയ്തു. എയ്ഡഡ് സ്കൂളുകളിൽ ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയത് പട്ടം സെന്റ് മേരീസിലാണ്. 5, 8, 11 ക്ലാസുകളിലേക്ക് മൂവായിരത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി പ്രവേശനം നേടിയതെന്ന് പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ പറഞ്ഞു. ജില്ലാതല പ്രവേശനോത്സവം വർക്കല ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു.