ulloor

തിരുവനന്തപുരം: മലയാളത്തിന്റെ അന്തഃസത്ത പൂർണമായും ആവാഹിച്ച എഴുത്തുകാരനാണ് ഉള്ളൂരെന്നും അദ്ദേഹത്തിന്റെ ശൈലിയോട് അല്പമെങ്കിലും കിടപിടിക്കാൻ പറ്റിയത് സുകുമാർ അഴീക്കോട്, എൻ.വി. കൃഷ്ണവാര്യർ,​ പ്രൊഫ. എസ്. ഗുപ്തൻ നായർ എന്നിവർക്കാണെന്നും മുൻ ചീഫ് സെക്രട്ടറി സി.പി. നായർ പറഞ്ഞു. മഹാകവി ഉള്ളൂർ സ്മാരകം സംഘടിപ്പിച്ച ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ 142-ാം ജന്മദിനാഘോഷവും അവാർഡ് ദാനചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ മലയാള ഭാഷയുടെ അവസ്ഥയിൽ സങ്കടമുണ്ട്. മലയാളികൾ കണ്ടുപഠിക്കേണ്ടത് തമിഴരുടെ ഭാഷാസ്നേഹമാണ്. മലയാള സർവകലാശാല രൂപം കൊണ്ടിട്ട് ഇത്രയും വർഷമായിട്ടും പല കോഴ്സുകൾക്കും പി.എസ്.സി അംഗീകാരമില്ലെന്ന് അദ്ദേഹം പറഞ്ഞു .

ഉള്ളൂർ സ്മാരകം പ്രസിഡന്റ് ഡോ. എൻ.പി. ഉണ്ണി അദ്ധ്യക്ഷനായി. ഡോ. എം.ആർ. തമ്പാൻ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. 2018ലെ ഉള്ളൂർ അവാർഡ് സുദർശനൻ കാർത്തികപ്പറമ്പിലിനും ഉള്ളൂർ എൻഡോവ്മെന്റ് ഡോ. എസ്. ഹരികൃഷ്ണനും സമ്മാനിച്ചു. ഉള്ളൂർ സ്മാരകം ഭരണസമിതി അംഗം ഡോ. വിളക്കുടി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് പി.കെ. വേണുഗോപാൽ, സെക്രട്ടറി എസ്. ജയശങ്കർ തുടങ്ങിയവർ സംസാരിച്ചു.