travancore

തിരുവനന്തപുരം: ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്റെയും കപൂർത്തല പ്ലോട്ടിന്റെയും ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കവടിയാർ കൊട്ടാരം കേന്ദ്രസർക്കാരിനു നിവേദനം നൽകി. ലഭ്യമായ രേഖകൾ അനുസരിച്ച് സംസ്ഥാന സർക്കാരിന് കെട്ടിടത്തിന്റെയും ഭൂമിയുടെയും കൈവശാവകാശം മാത്രമാണുള്ളതെന്നും പട്ടയരേഖകൾ ലഭിക്കാൻ നടപടിയുണ്ടാകണമെന്നുമാണ്‌ ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിനു കൊട്ടാരം നൽകിയ നിവേദനത്തിൽ പറയുന്നത്. രാജകുടുംബത്തിനുവേണ്ടി ആദിത്യവർമ്മയാണ് നിവേദനം നൽകിയത്.
ഡൽഹി നഗരമദ്ധ്യത്തിലെ കസ്തൂർബാഗാന്ധി മാർഗിലുള്ള ട്രാവൻകൂർ ഹൗസ് 8.195 ഏക്കറും കോപർനിക്കസ് മാർഗിലുള്ള കപൂർത്തല പ്ലോട്ട് 6.104 ഏക്കറുമാണ്. കേരള സർക്കാരിനാണ് രണ്ടിന്റെയും നിയന്ത്രണം. ഇതു സംബന്ധിച്ച്‌ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.
രണ്ടു സ്ഥലങ്ങളുടെയും രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു ആദിത്യവർമ്മ ആദ്യകത്ത് അയച്ചത്. രേഖകളുടെ പകർപ്പ് കേന്ദ്രം കൈമാറി. ഈ രേഖകൾ പരിശോധിച്ചപ്പോൾ സംസ്ഥാന സർക്കാരിനു കൈവശാവകാശം മാത്രമാണുള്ളതെന്നു ബോദ്ധ്യപ്പെട്ടതായി ലാൻഡ് ഡെവലപ്‌മെന്റ് ഓഫീസർ അമിത് ഘട്ടാരിയയ്ക്ക് അയച്ച രണ്ടാമത്തെ കത്തിൽ പറയുന്നു. തുടർന്നാണ് പട്ടയം വേണമെന്ന ആവശ്യം ഉന്നയിച്ചത്.