തിരുവനന്തപുരം: കേരളത്തിൽ നീറ്റ് പരീക്ഷയെഴുതിയ 66.59 ശതമാനം കുട്ടികളും വിജയിച്ചു. പരീക്ഷയെഴുതിയ 1,10,206 പേരിൽ 73,385പേർ യോഗ്യത നേടി. ആദ്യത്തെ 50 റാങ്കിൽ കേരളത്തിൽ നിന്ന് മൂന്നു പേരുണ്ട്.
29-ാം റാങ്ക് നേടിയ അതുൽ മനോജാണ് കേരളത്തിൽ ഒന്നാമത്. ഹൃദ്യലക്ഷ്മി ബോസ് 31-ാം റാങ്കും വി.പി. അശ്വിൻ 33-ാം റാങ്കും നേടി. എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കമുള്ള മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് നീറ്റ്.
എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ അപേക്ഷിച്ചവരിൽ യോഗ്യത നേടിയവരുടെ റാങ്ക് പരിഗണിച്ച് സംസ്ഥാന റാങ്ക് പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ രാജസ്ഥാനിലെ നളിൻ ഖണ്ഡേൽവാൽ അഖിലേന്ത്യാ തലത്തിൽ ഒന്നാമതായി.