accident

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ അന്തർ സംസ്ഥാന സ‌ർവീസ് നടത്തുന്ന സ്വകാര്യ ബസും ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തിരുവല്ലം സ്വദേശി സുരേന്ദ്രനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30 ഓടെ ദേശീയപാതയിൽ പൂങ്കോട് മുള്ളുവിള ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. നെയ്യാറ്റിൻകര ഭാഗത്തേക്ക് വരുകയായിരുന്ന ബസും പുന്നമൂട് - വെള്ളായണി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തക‌ർന്നു. കാലുകൾക്ക് ഗുരുതര പൊട്ടലേറ്റ സുരേന്ദ്രനെ ഏറെ പണിപ്പെട്ടാണ് വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഭാര്യയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടർന്ന് നരുവാമൂട് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. ദേശീയപാതയുടെ നി‌ർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കവെ ശരവേഗത്തിലാണ് ഇതുവഴി വാഹനങ്ങളുടെ സഞ്ചാരമെന്നും നാട്ടുകാർ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ചെറുതും വലുതുമായി പത്തോളം അപകടങ്ങളാണ് ദേശീയപാതയിൽ നടന്നത്. കഴിഞ്ഞ ഞായറാഴ്ച ഓവർടേക്ക് ചെയ്തു വന്ന കാർ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി യുവാവ് മരിച്ച സംഭവവും ഉണ്ടായി. റസൽപുരം തീയന്നൂർക്കോണം റോഡരികത്ത് വീട്ടിൽ രത്നാകരൻ - രാജിനി ദമ്പതികളുടെ മകൻ അഭിലാഷ് (37)​ ആണ് മരിച്ചത്. പള്ളിച്ചൽ സൗപർണിക ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. ദേശീയപാതയിൽ വാഹനങ്ങളുടെ അമിതവേഗം കാൽനടയാത്രക്കാർക്കും വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.