. ലോകകപ്പിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ
ഇനി അങ്കം ഞായറാഴ്ച ആസ്ട്രേലിയയ്ക്കെതിരെ
സതാംപ്ടൺ : ഇൗ ലോകകപ്പിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആറുവിക്കറ്റിന്റെ തകർപ്പൻ വിജയംകൊണ്ട് ദക്ഷിണവച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം തുടങ്ങി. ഇനി അടുത്ത മത്സരം ഞായറാഴ്ച നിലവിലെ ലോകചാമ്പ്യൻമാരായ ആസ്ട്രേലിയയ്ക്ക് എതിരെയാണ്.
ആദ്യമത്സരത്തിൽ ഇംഗ്ളണ്ടിനോടും രണ്ടാം മത്സരത്തിൽ ബംഗ്ളാദേശിനോടും തോറ്റിരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം തോൽവിയോടെ ടൂർണമെന്റിന്റെ തുടക്കത്തിൽത്തന്നെ പുറത്തേക്കുള്ള വാതിലിനുടുത്തെത്തി.
സതാംപ്ടണിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചാണ് വിരാടും കൂട്ടരും വിജയം കണ്ടത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ നിശ്ചിത 50 ഒാവറിൽ 227/9 എന്ന സ്കോറിൽ കുരുക്കിയ ഇന്ത്യൻ ബൗളർമാർക്ക് പിന്നാലെ പതിവ് ശൈലിവിട്ട് ഉത്തരവാദിത്വ ബോധത്തോടെ മാത്രം ഷോട്ടുകൾ പായിച്ച് നേടിയ സെഞ്ച്വറിയുമായി രോഹിത് ശർമ്മ (122 നോട്ടൗട്ട്) ടീമിനെ ആരാധകർ പ്രതീക്ഷിച്ചിരുന്ന വിജയത്തിലേക്ക് നയിച്ചു.
തുടക്കത്തിൽ പേസർ ജസ്പ്രീത് ബുംറയുടെയും പിന്നീട് യുസ്വേന്ദ്ര ചഹലിന്റെയും തകർപ്പൻ ബൗളിംഗാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. പരിക്കിൽനിന്ന് മോചിതനായെത്തിയ അംലയെയും (6), ഇൻഫോം ഒാപ്പണർ ഡി കോക്കിനെയും (10) ആറാം ഒാവറിനുള്ളിൽ ബുംറ കൂടാരം കയറ്റിയപ്പോൾ പിന്നീടുള്ള ജോലി സ്പിന്നർമാർ ഏറ്റെടുത്തു. ഡുപ്ളെസി (38), വാൻഡർ ഡ്യൂസൻ (22), ഡേവിഡ് മില്ലർ (31), പെഹിലുക്ക് വിയോ (34) എന്നിവരുഏെ വിക്കറ്റുകളുമായി ചഹലും ഡുമിനിയെ (3) എൽബിയിൽ കുരുക്കി കുൽദീപും നിറഞ്ഞാടിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ സ്കോറിലേക്ക് പോകാൻ കഴിയാതെ വരികയായിരുന്നു. വാലറ്റത്ത് ക്രിസ് മോറിസിനെയും (42) ഇമ്രാൻ താഹിറിനെയും (0) ഭുവനേശ്വർ പുറത്താക്കിയപ്പോൾ റബാദ 31 റൺസുമായി പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ശിഖർ ധവാനെ (8) ആറാം ഒാവറിൽ നഷ്ടമായി. തുടർന്ന് ഒരറ്റത്ത് രോഹിത് ഉറച്ചുനിന്ന് പോരാട്ടം തുടങ്ങി. ക്യാപ്ടൻ കൊഹ്ലി (18), കെ.എൽ. രാഹുൽ (26), ധോണി (34) എന്നിവർ നൽകിയ പിന്തുണ ചേസിംഗിൽ രോഹിതിന് ബലം പകർന്നു. ഹാർദിക് പാണ്ഡ്യയെ (15 നോട്ടൗട്ട്) കൂട്ടുനിറുത്തി 47.3-ാം ഒാവറിൽ ഇന്ത്യ വിജയത്തിലെത്തി. 144 പന്തുകളിൽ 13 ബൗണ്ടറികളും രണ്ട് സിക്സുകളുമടക്കം 122 റൺസുമായി പുറത്താകാതെ നിന്ന രോഹിതാണ് മാൻ ഒഫ് ദ മാച്ച്.
ഇന്ത്യൻ വിജയത്തിന്
5 കാരണങ്ങൾ
. പേസിനെ പിന്തുണച്ച പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം. ഒരുപക്ഷേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് സമാനമായ തകർച്ച നേരിടേണ്ടിവന്നേനെ.
. ബുംറ നൽകിയ മികച്ച തുടക്കം. പിച്ചിലെ സ്വിംഗും ബൗൺസും മുതലെടുക്കുവാൻ ബുംറയ്ക്ക് അനായാസം സാധിച്ചു.
. മൂന്നാം പേസറായി ഹാർദ്ദിക്കിനെ ഉൾപ്പെടുത്തി കുൽദീപ് ചഹൽ സ്പിൻ ദ്വയത്തെ കളിപ്പിച്ചത്. കൃത്യമായ ഇടവേളകളിൽ വാൻഡർ ഡ്യൂസൻ, ഡുപ്ളെസി, ഡുമിനി എന്നിവരെ പുറത്താക്കി കൂട്ടുകെട്ടുകൾ പൊളിക്കാൻ ഇവർക്ക് കഴിഞ്ഞു.
. രോഹിതിന്റെ ശൈലിമാറ്റം. തന്റെ സ്ഥിരം വീശിക്കളി വിക്കറ്റ് നഷ്ടപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞ രോഹിത് 48-ാം ഒാവർ വരെ ക്രീസിൽനിന്ന് അപകടരഹിതമായ ഷോട്ടുകൾമാത്രം കളിച്ചത് നിർണായകമായി.
. രോഹിത് ഒഴികെ മറ്റാരും വലിയ സ്കോർ നേടിയില്ല. പക്ഷേ ചെറുതെങ്കിലും സുദൃഡമായ കൂട്ടുകെട്ടുകളാണ് കൊഹ്ലിയും രാഹുലും ധോണിയും രോഹിതിനൊപ്പം സൃഷ്ടിച്ചത്. ചുരുങ്ങിയത് പത്തോവർ വീതമെങ്കിലും മൂവരും രോഹിതിനൊപ്പമുണ്ടായിരുന്നു.
ആ പിച്ചിൽ ബാറ്റിംഗ് വളരെ ബുദ്ധിമുട്ടായിരുന്നു. സ്വതസിദ്ധമായ പല ഷോട്ടുകളും മനപൂർവം മാറ്റിവച്ച് പതിയെ പിടിച്ചുനിൽക്കാനാണ് ശ്രമിച്ചത്.
രോഹിത് ശർമ്മ
രോഹിതിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സായാണ് ഞാൻ ഇൗ സെഞ്ച്വറിയെ കാണുന്നത്. അത്രയ്ക്ക് സമ്മർദ്ദം അതിജീവിച്ചാണ് രോഹിത് ബാറ്റ് ചെയ്തത്.
വിരാട് കൊഹ്ലി.
23
ഏകദിന ക്രിക്കറ്റിൽ രോഹിതിന്റെ 23-ാം സെഞ്ച്വറിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ. 22 സെഞ്ച്വറികൾ നേടിയിട്ടുള്ള സൗരവ് ഗാംഗുലിയുടെ റെക്കാഡ് രോഹിത് മറികടന്നു. ഇന്ത്യൻ താരങ്ങളിൽ സച്ചിനും (49), കൊഹ്ലിയും (41) മാത്രമാണ് ഏകദിന സെഞ്ച്വറികളിൽ രോഹിതിന് മുന്നിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ റിക്കി പോണ്ടിംഗ് (30). ജയസൂര്യ (28), അംല (27), ഡിവില്ലിയേഴ്സ്, സംഗക്കാര, ഗെയ്ൽ (25 വീതം) എന്നിവരും രോഹിതിന് മുന്നിലുണ്ട്.
12000
അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റുകളിലുമായി രോഹിത് 12000 റൺസ് തികച്ചു. ഒാപ്പണറായി 8000 റൺസും തികച്ചു.
26
ലോകകപ്പിൽ സെഞ്ച്വറി നേടുന്ന 26-ാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് രോഹിത്.
പോയിന്റ് നില
(ടീം, കളി, ജയം, തോൽവി, പോയിന്റ് ക്രമത്തിൽ)
ന്യൂസിലൻഡ് 2-2-0-4
വെസ്റ്റ് ഇൻഡീസ് 1-1-0-2
ആസ്ട്രേലിയ 1-1-0-2
ഇംഗ്ളണ്ട് 2-1-1-2
ഇന്ത്യ 1-1-0-2
ബംഗ്ളാദേശ് 2-1-1-2
ശ്രീലങ്ക 2-1-1-2
പാകിസ്ഥാൻ 2-1-1-2
ദക്ഷിണാഫ്രിക്ക 3-0-3-0
അഫ്ഗാൻ 2-0-2-0
ഡിവില്ലിയേഴ്സ് മടങ്ങി
വരാമെന്ന് പറഞ്ഞിട്ടും.......
കേപ്ടൗൺ : കഴിഞ്ഞവർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്ന മുൻ നായകൻ എ.ബി. ഡിവില്ലിയേഴ്സ് ഇൗ ലോകകപ്പിൽ കളിക്കാൻ ആഗ്രഹം അറിയിച്ചിട്ടും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിരസിച്ചു. ഇന്ത്യയ്ക്കെതിരായ തോൽവിക്ക് പിന്നാലെയാണ് ഇൗ വാർത്ത പുറത്തുവന്നത്.
ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപിക്കുന്നതിന്റെ തലേന്നാണ് ഡിവില്ലിയേഴ്സ് തിരിച്ചുവരാനുള്ള മോഹം ക്യാപ്ടൻ ഡുപ്ളെസി, കോച്ച് ഒാട്ടിസ് ഗിബ്സൺ, സെലക്ഷൻ കമ്മിറ്റി കൺവീനർ ലിൻഡ സോൺഡി എന്നിവരെ അറിയിച്ചത്. എന്നാൽ ഡിവില്ലിയേഴ്സിന് അനുകൂലമായ മറുപടിയല്ല ലഭിച്ചത്.
വിരമിക്കൽ റദ്ദാക്കാമെന്നുള്ള ഒാഫർ നിരസിച്ചതിന് കാരണവുമായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഇന്നലെ രംഗത്തുവന്നു ലോകകപ്പിന് ഒരുവർഷം മുമ്പ് വിരമിച്ച ഡിവില്ലിയേഴ്സ് അതിനുശേഷം ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടില്ല കളിച്ചിരുന്നുവെങ്കിൽ മാത്രമേ സെലക്ഷന് പരിഗണിക്കാനാകൂ. 35 വയസ് കഴിഞ്ഞ ഒരാളെ പെട്ടെന്ന് ടീമിലെടുക്കുന്നത് രാജ്യത്തെ യുവതാരങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നതും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ചൂണ്ടിക്കാട്ടി 2018 മേയിൽ അപ്രതീക്ഷിതമായാണ് ഡിവില്ലിയേഴ്സ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഡിവില്ലിയേഴ്സിനെ ടീമിലെടുത്താൽ അതുവരെയുള്ള ടീം ലൈനപ്പിൽ മാറ്റം വരുത്തേണ്ടിവരുമെന്ന ക്യാപ്ടന്റെ അഭിപ്രായവും നിർണായകമായി.
228 ഏകദിനങ്ങളിൽ നിന്ന് 9577 റൺസ് നേടിയിട്ടുള്ള താരമാണ് .........