school-reopening

തിരുവനന്തപുരം: സംസ്ഥാനത്താദ്യമായി ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഒരേദിവസം തുറന്ന പ്രത്യേകതയോടെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അക്ഷരമധുരം നുണയാൻ എത്തിയത് 37 ലക്ഷം വിദ്യാർത്ഥികൾ. 1,60,000 കുട്ടികളാണ് ഒന്നാം ക്ലാസിൽ പ്രവേശിച്ചത്. പ്ലസ് വൺ, വി.എച്ച്.എസ്.ഇ ക്ലാസുകളിൽ ആദ്യ രണ്ട് അലോട്ട്‌മെന്റുകളിലായി മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികൾ പ്രവേശനം നേടി.

സംസ്ഥാനതല പ്രവേശനോത്സവം തൃശൂർ ചെമ്പൂച്ചിറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഖാദർ കമ്മിറ്റി ശുപാർശ പ്രകാരം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ എന്നിവയുടെ ഭരണപരമായ ലയനവും ഈ വർഷത്തെ പ്രത്യേകതയാണ്. അതേസമയം ഖാദർകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ പ്രവേശനോത്സവം ബഹിഷ്‌കരിച്ച് കരിദിനമാചരിച്ചു.
സർക്കാർ വിദ്യാലയത്തിലേക്ക് എത്തിയ വിദ്യാർത്ഥികളുടെ കണക്കടുപ്പ് ആറാം പ്രവൃത്തിദിനമായ വ്യാഴാഴ്ച നടക്കും. ഐ.ടി @ സ്‌കൂളിന്റെ 'സമ്പൂർണ' പോർട്ടൽ വഴിയാണ് കുട്ടികളുടെ തലയെണ്ണൽ നടത്തുക.