തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രകാശൻ തമ്പി, ബാലഭാസ്കർ അപകടത്തിൽ മരിച്ച ശേഷമാണ് സ്വർണക്കടത്തിൽ സജീവമായതെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) വ്യക്തമാക്കി. ബാലഭാസ്കറിന്റെ പ്രോഗ്രാം കോ-ഓർഡിനേറ്ററായിരുന്ന പ്രകാശൻ 2007, 2011 വർഷങ്ങളിൽ 3 തവണ ദുബായിൽ പോയിട്ടുണ്ട്. ഒരു തവണ ഭാര്യയ്ക്കൊപ്പമാണ് പോയത്. ഒരു തവണ തനിയെയാണ് പോയത്. ബാലു കഴിഞ്ഞ സെപ്തംബറിൽ മരിച്ച ശേഷം ഇയാൾ സ്ഥിരമായി വിദേശത്ത് പോയിരുന്നു.
ബാലുവിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സ്വർണക്കടത്ത് കേസിൽ പിടികിട്ടാനുള്ള വിഷ്‌ണു സോമസുന്ദരനാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾക്ക് സ്വർണക്കടത്തിൽ കാര്യമായ പങ്കുണ്ട്. ഏജന്റുമാരെയും ടിക്കറ്റിംഗും നിയന്ത്രിച്ചത് ഇയാളാണ്. ഇയാൾ ഇപ്പോൾ കേരളത്തിലുണ്ടെന്നും ഡി.ആർ.ഐ പറഞ്ഞു. സ്വർണക്കടത്തിന് ബാലഭാസ്കറിനെ മറയാക്കിയിട്ടുണ്ടോയെന്നും പ്രതികൾക്ക് ബാലുവുമായി ശരിയായ സാമ്പത്തിക ഇടപാടുകൾ മാത്രമാണോ ഉണ്ടായിരുന്നതെന്നും ഡി.ആർ.ഐ അന്വേഷിക്കും. കേസിലെ പ്രധാന പ്രതിയായ വിനീതയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ഭർത്താവ് ബിജുവും കേസിലെ പ്രതിയാണ്. ഇവരുടെ രണ്ട് മക്കളുടെ സംരക്ഷണം കണക്കിലെടുത്താണ് ജാമ്യാപേക്ഷയെ ഡി.ആർ.ഐ കാര്യമായി എതിർക്കാതിരുന്നത്.