തിരുവനന്തപുരം: ബിടെക് കോഴ്‌സുകൾ ജയിക്കാൻ വേണ്ട മാർക്കിലും ക്രെഡിറ്റിലും കുറവ് വരുത്തി സാങ്കേതിക സർവകലാശാല. ഇന്റേണൽ അസസ്‌മെന്റിന് മിനിമം മാർക്ക് വേണമെന്ന നിബന്ധനയും എടുത്തുകളയും. എ.ഐ.സി.ടി.ഇ നിർദ്ദേശപ്രകാരം എൻജിനിയറിംഗ് പഠനത്തിൽ അപ്പാടെ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്നത്.
ബിടെക് വിദ്യാർത്ഥികൾക്ക് സ്പെഷ്യലൈസേഷനും അവസരം നൽകും. നിലവിൽ എംടെക് വിദ്യാർത്ഥികൾക്ക് മാത്രമേ സ്പെഷ്യലൈസേഷൻ അനുവദിച്ചിരുന്നുള്ളൂ.
നാലാം സെമസ്റ്ററിൽ പ്രത്യേക പഠനത്തിനും ഓണേഴ്‌സിനും അപേക്ഷിക്കാം. എട്ടാം സെമസ്റ്ററിൽ 8.5 ന് മുകളിലുള്ള ഗ്രേഡ് ലഭിക്കുന്നവർക്ക് ഓണേഴ്‌സ് ലഭിക്കും. എല്ലാ സെമസ്റ്ററിലും 75 ശതമാനം ഹാജരുണ്ടെങ്കിലേ പരീക്ഷ എഴുതാനാവൂ. ആരോഗ്യ കാരണങ്ങളാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നവർക്ക് 60 ശതമാനം മതി.
സ്റ്റാർട്ട് അപ്പുകൾ തുടങ്ങുക, പുതിയ ഉത്പന്നങ്ങൾക്ക് രൂപം നൽകുക എന്നിവക്ക് ശ്രമിക്കുന്ന ബിടെക് വിദ്യാർത്ഥികൾക്ക് പഠനാവധി നൽകും. കാമ്പസ് സെലക്‌ഷനിലൂടെ ഉയർന്ന ജോലി ലഭിക്കുന്നവർക്ക് തുടർ പഠനത്തിന് അവസരം നൽകും. പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് ഗ്രേസ് മാർക്ക് നൽകും. കലാ, കായിക പ്രതിഭകൾക്ക് 10 ശതമാനത്തിൽ താഴെ ഗ്രേസ്‌മാർക്ക് നൽകാനും സർവകലാശാല തീരുമാനിച്ചു.
ബിടെക് ഒരു വിഷയത്തിൽ എഴുത്ത് പരീക്ഷ ജയിക്കാൻ 45 മാർക്ക് വേണമെന്ന നിബന്ധന മാറ്റും.ഇനി മുതൽ 40 മാർക്കുണ്ടെങ്കിൽ എഴുത്തുപരീക്ഷ ജയിക്കാം..ബിടെക് ജയിക്കാൻ 182 ക്രെഡിറ്റ് വേണമെന്നതു മാറ്റി, 162 കെഡിറ്റാക്കി.അവസാന രണ്ട് സെമസ്റ്ററുകളിലെ ക്രെഡിറ്റ് 31 ആക്കി കുറച്ചു.ഇന്റേണൽ അസസെസ്മന്റിന് മിനിമം മാർക്ക് വേണമെന്ന നിബന്ധന മാറ്റി. ഒരു സെമസ്റ്ററിൽ ആറ് മൊഡ്യൂളുകളുള്ളത് അഞ്ചായി കുറയ്ക്കും.