തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ ശബരിമലയും ഘടകമായെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്. മതേതരവോട്ടുകൾ വൻതോതിൽ യു.ഡി.എഫിലേക്ക് ചോർന്നു. വിവിധ ജില്ലാഘടകങ്ങളുടെ റിപ്പോർട്ടുകൾ സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ്ബാബുവും സത്യൻ മൊകേരിയും ചേർന്ന് അവതരിപ്പിച്ച ശേഷം നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ ഒറ്റപ്പെട്ട വിമർശനവുമുണ്ടായി.

തിരിച്ചടിയിൽ അതും ഘടകമായെന്ന് ചിലർ കുറ്റപ്പെടുത്തിയെങ്കിലും അക്കാര്യം അന്തിമറിപ്പോർട്ടിൽ പരാമർശിക്കണമെന്ന ആവശ്യം സെക്രട്ടറി കാനം രാജേന്ദ്രൻ തള്ളി. സി.പി.ഐയുടെ കുറ്റങ്ങളാണ് ആദ്യം പരിശോധിക്കേണ്ടത്, മറ്റുള്ളവരുടേതല്ല. മുന്നണിയെ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഗുണകരമായി. തിരഞ്ഞെടുപ്പ് തോൽവി വ്യക്തിപരമല്ലെന്നും വി.എസ് അടക്കമുള്ള മുഖ്യമന്ത്രിമാർക്കെതിരെയും മുമ്പും വിമർശനമുയർന്നിട്ടുണ്ടെന്നും കാനം പറഞ്ഞു. അതുൾപ്പെടുത്തുന്നത് എതിരാളികൾക്ക് ആയുധം നൽകലാവും.

ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായെന്നാണ് പൊതുവിലയിരുത്തൽ. ഹിന്ദു വോട്ടുകൾ ചോർന്നിട്ടുണ്ട്. അതെങ്ങനെയെന്ന് പരിശോധിക്കണം. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്നത് സർക്കാരിന്റെ ബാദ്ധ്യതയായിരുന്നെങ്കിലും അക്കാര്യവും സർക്കാർ സ്വീകരിച്ച ശരിയായ സമീപനവും യഥാവിധി ജനങ്ങളിലെത്തിക്കാനായില്ല. സർക്കാരിനെതിരെയുള്ള തെറ്റായ പ്രചരണങ്ങൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു.

35 ശതമാനത്തിലേക്ക് വോട്ടുനില താഴ്ന്നത് മുമ്പുണ്ടായിട്ടില്ലാത്തതാണ്. ഇത് പരിശോധിച്ച് തിരുത്തണം. സർക്കാർ നല്ല പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും നേട്ടങ്ങളൊന്നും വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല.

ദേശീയരാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് ബദലാവാനുള്ള ശേഷി ഇടതുപക്ഷത്തിനില്ലെന്ന തോന്നൽ ശക്തിപ്പെട്ടതും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും മതേതര, മതന്യൂനപക്ഷ വോട്ടുകളെ വല്ലാതെ സ്വാധീനിച്ചു. വയനാട്ടിൽ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു രാഹുലിന്റെ ഭൂരിപക്ഷം. തൃശൂരിൽ ബി.ജെ.പി 2014ലേക്കാൾ മൂന്നിരട്ടി വോട്ടുകൾ നേടിയത് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വവും മറ്റും കാരണമാണ്.

തൃശൂലെ വോട്ട് കുറവും തിരുവനന്തപുരത്ത് നഗര മേഖലയിൽ ബി.ജെ.പി രണ്ടാമത് വന്നതും ബൂത്തടിസ്ഥാനത്തിൽ പരിശോധിക്കണം. മാവേലിക്കരയിൽ മതേതരവോട്ടുകളുടെ ഒഴുക്കിലാണ് യു.ഡി.എഫ് ജയിച്ചത്. എക്സിക്യൂട്ടീവിലെ ചർച്ചയുടെ കൂടി അടിസ്ഥാനത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് 12, 13 തീയതികളിലെ സംസ്ഥാന കൗൺസിലിൽ സെക്രട്ടറി അവതരിപ്പിക്കും.