cristiano-ronaldo
cristiano ronaldo

ലിസ്‌ബൺ : സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ സ്വിറ്റ്സർലൻഡിനെ സെമിഫൈനലിൽ 3-1ന് കീഴടക്കി നിലവിലെ യൂറോ കപ്പ് ചാമ്പ്യൻമാരായ പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിന്റെ ഫൈനലിലെത്തി.

പോർട്ടോയിൽ നടന്ന സെമിഫൈനലിന്റെ 25-ാം മിനിട്ടിൽ തകർപ്പനൊരു ഫ്രീ കിക്കിലൂടെയാണ് ക്രിസ്റ്റ്യാനോ ആദ്യ ഗോൾ നേടിയത്. 57-ാം മിനിട്ടിൽ റിക്കാർഡോ റോഡ്രിഗ്സ് പെനാൽറ്റിയിലൂടെ നേടിയ ഗോൾ സ്വിറ്റ്സർലൻഡിന് സമനില നേടിക്കൊടുത്തു. എന്നാൽ, നായകന്റെ വീര്യവുമായി സടകുടഞ്ഞെണീറ്റ ക്രിസ്റ്റ്യാനോ 88-ാം മിനിട്ടിലും 90-ാം മിനിട്ടിലും വല കുലുക്കി ടീമിനെ ഫൈനലിലേക്ക് എത്തിച്ചു.

53

കരിയറിൽ ക്രിസ്റ്റ്യാനോ നേടുന്ന 53-ാമത്തെ ഹാട്രിക്കാണിത്. രാജ്യത്തിനായി നേടുന്ന ഏഴാമത്തെ ഹാട്രിക്.

38

അന്താരാഷ്ട്ര ഫുട്ബാളിൽ 38 രാജ്യങ്ങൾക്കെതിരെ ക്രിസ്റ്റ്യാനോ സ്കോർ ചെയ്തിട്ടുണ്ട്.

ഇംഗ്ളണ്ടും ഹോളണ്ടും തമ്മിൽ നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെയാണ് ഞായറാഴ്ച പോർച്ചുഗൽ ഫൈനലിൽ നേരിടേണ്ടത്.