entry

കിളിമാനൂർ: പ്രവേശനോത്സവം വീട്ടിലാഘോഷിച്ചതിന്റെ ത്രില്ലിലാണ് ആസിയാ മോൾ. വർണക്കുടയും, പുത്തനുടുപ്പും, ബാഗും ഒക്കെയായി സമപ്രായക്കാർ സ്കൂളിലേക്ക് പോകുമ്പോൾ ആസിയ മോൾക്ക് അത് വീട്ടിൽ കണ്ടിരിക്കാനേ വിധി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആസിയ മോളുടെ മനസറിഞ്ഞ് അവളുടെ വീട്ടിൽ പ്രവേശനോത്സവം നടത്താൻ മടവൂർ എൻ.എൻ.എസ്.എസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും തീരുമാനിച്ചതോടെയാണ് ഇത്തവണത്തെ പ്രവേശനോത്സവത്തിൽ അവൾക്കും പങ്കുപറ്റാൻ സാധിച്ചത്.

സ്കൂളിൽ പോകാൻ കഴിയാതെ തളർന്ന് കിടക്കുന്ന സംസാരശേഷിയില്ലാത്ത ഭിന്നശേഷിക്കാരിയാണ് മടവൂർ ഞാറയിൽ കോണം അമ്പിളിമുക്കിൽ തൗഫീഖ് മൻസിലിൽ ആസിയ ബീവി. എട്ടാം ക്ലാസിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്.

ആസിയുടെ നാവിൽ അദ്ധ്യാപകർ നൽകിയ മധുരം അവളെ കൂടുതൽ സന്തോഷവധിയാക്കി. ജനിച്ച് രണ്ട് മാസം കഴിഞ്ഞ് ജന്നി വന്നതിന് ശേഷം കിടപ്പിലായ ആസിയ ഇപ്പോഴും സ്വന്തമായി ഇരിക്കാനോ, നിക്കാനോ, സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. പിതാവ് പത്ത് വർഷങ്ങൾക്ക് മുൻപ് മരിച്ചു. ഉമ്മ ഷൈലയുടെ സമ്പൂർണ പരിചരണത്തിലാണ് ഇപ്പോൾ ആസിയാ കഴിയുന്നത്. ആസിയയെ സ്കൂളിൽ വരുത്താൻ കഴിയുന്ന സഹായ മാർഗങ്ങൾ അന്വേഷിക്കുകയാണ് സ്കൂൾ അധികൃതർ. ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരിയുടെ നേതൃത്വത്തിലാണ് അദ്ധ്യാപകർ വീട്ടിലെത്തി പ്രവേശനോത്സവം ആഘോഷിച്ചത്.