kerala-congress

കോട്ടയം: കേരള കോൺഗ്രസ് -എമ്മിൽ പോര് മുറുകി. ഇനി പരസ്പരം പുറത്താക്കൽ നാടകം. ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് ജോസ് കെ.മാണി വിഭാഗം പി.ജെ.ജോസഫിനെ നിഷ്ക്രിയനാക്കാൻ നോക്കുമ്പോൾ ബദൽ കമ്മിറ്റി വിളിച്ചുചേർത്താൽ കർശന നടപടി ഉണ്ടാവുമെന്ന് പി.ജെ.ജോസഫ് മുന്നറിയിപ്പ് നൽകി. ബദൽ കമ്മിറ്റി വിളിച്ചുചേർത്താൽ പാർട്ടി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ അടക്കമുള്ളവരെ പുറത്താക്കാനാണ് പി.ജെ.ജോസഫിന്റെ തീരുമാനം.

അതേസമയം ഒൻപതിനു മുമ്പ് പാർട്ടി യോഗം വിളിക്കുമെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ഈ യോഗം സമാധാനപരമായിരിക്കില്ലായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതോടെ പാർട്ടി രണ്ടു തട്ടിലാവാനാണ് സാദ്ധ്യത.

കഴിഞ്ഞ ബുധനാഴ്ച ഇരു വിഭാഗങ്ങളെയും ഉൾപ്പെടുത്തി കൊച്ചിയിൽ ജോസഫ് യോഗം വിളിച്ചിരുന്നെങ്കിലും നടന്നില്ല. എന്നാൽ ജോസഫ് കൊച്ചിയിൽ രഹസ്യയോഗം നടത്തിയെന്നാണ് അറിയുന്നത്. ഇതേ തുടർന്ന് ഇന്നലെ പാലായിൽ കെ.എം.മാണിയുടെ വസതിയിൽ ജോസ് വിഭാഗവും യോഗം ചേർന്നിരുന്നു. ഉടൻ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് ചെയർമാൻ അടക്കമുള്ളവരെ തിരഞ്ഞെടുക്കണമെന്ന് ജില്ലാ പ്രസിഡന്റുമാരടക്കമുള്ളവർ ജോസ് കെ.മാണിയോട് ആവശ്യപ്പെട്ടു.

എന്നാൽ മാണിയുടെ വിശ്വസ്തനായിരുന്ന സി.എഫ് തോമസ് ഈ യോഗത്തിൽ പങ്കെടുത്തില്ല. പാർട്ടിയിൽ ഐക്യമാണ് വേണ്ടതെന്നാണ് സി.എഫ് പറയുന്നത്. സമവായത്തിലൂടെ ചെയർമാനെയും മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുക്കുകയാണ് പതിവ്. ഇതിന് വിരുദ്ധമായി പർട്ടിയിൽ കലാപക്കൊടി ഉയർത്തി പാർട്ടിയെ പിളർക്കുകയല്ല വേണ്ടതെന്നാണ് സി.എഫ് വ്യക്തമാക്കുന്നത്.

അഞ്ച് എം.എൽ.എ മാർ മാത്രമുള്ള പാർട്ടിയിൽ രണ്ടു പേർ ജോസിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടു പേർ ജോസഫ് വിഭാഗത്തിലുമുണ്ട്. സി.എഫ് തോമസും പി.ജെ.ജോസഫിന് പിന്തുണ നല്കുമെന്നാണ് അറിയുന്നത്. അതോടെ പിജെക്ക് നിയമസഭയിൽ മുൻതൂക്കമുണ്ട്. ജനറൽ സെക്രട്ടറി ജോയി ഏബ്രഹാമും ജോസഫിനൊപ്പമുണ്ടെന്നത് പി.ജെക്ക് കരുത്തേകുന്നു.

എന്നാൽ, സംസ്ഥാന കമ്മിറ്റിയിൽ ജോസ് കെ.മാണിക്കാണ് മുൻതൂക്കം. പാലായിൽ ഇന്നലെ ചേർന്ന യോഗത്തിൽ എട്ട് ജില്ലാ പ്രസഡന്റുമാർ പങ്കെടുത്തു. മാണി വിഭാഗത്തിലെ ജില്ലാ പ്രസിഡന്റുമാരായ കൊട്ടാരക്കര പൊന്നച്ചനും (തിരുവനന്തപുരം), അറയ്ക്കൽ ബാലകൃഷ്ണപിള്ളയും (കൊല്ലം) വിട്ടുനിന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

അതേസമയം പാർട്ടിയിലെ അന്തച്ഛിദ്രം ഒഴിവാക്കാൻ ബിഷപ്പുമാർ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലം കാണാൻ സാധിച്ചിട്ടില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പാർട്ടിയിലെ അഭിപ്രായ ഭിന്നത രമ്യതയിലാക്കാൻ ഇരുനേതാക്കളുമായി സംഭാഷണം നടത്തിയെങ്കിലും അതും നടന്നില്ല. കേരള കോൺഗ്രസിന്റെ ഗതി ഇനി എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് യു.ഡി.എഫ് നേതൃത്വം.