pply

കാട്ടാക്കട: ഭിന്നശേഷിക്കാരിയായ സഹപാഠിക്ക് സ്വയം തൊഴിലിനായി കട നിർമ്മിച്ചു നൽകി പൂർവ വിദ്യാർത്ഥിക്കൂട്ടായ്മ മാതൃകയായി. കുറ്റിച്ചൽ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന താജു നിസയ്ക്കാണ് കൂട്ടുകാർ താങ്ങായി മാറിയത്. പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ് സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയായ സ്കൂൾ ഡേയ്സ് 94 ന്റെ സഹകരണത്തോടെ സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി പ്രകാരമാണ് കട നിർമ്മിച്ചത്. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ സഹായങ്ങൾ അഭ്യർത്ഥിച്ചാണ് ഇതിനുള്ള ഫണ്ട് ശേഖരിക്കുന്നത്. ഇതിനായി കുറ്റിച്ചൽ യൂണിയൻ ബാങ്കിൽ ഒരു ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. പ്രവാസി സുഹൃത്തുക്കളുടെ സഹായത്തോടെ അർഷാദ് കോട്ടൂർ, താഹ കാപ്പുകാട്, പ്രവീൺ കുറ്റിച്ചൽ, ബാക്കിർ ഹുസൈൻ, കുമാരദാസ്, സജുകുമാർ, ബിജിത ബനഡിക്ട്, സ്മിത തുടങ്ങിയവരുടെയും മറ്റ് സുഹൃത്തുക്കളുടെയും നേതൃത്വത്തിലാണ് ഈ സന്നദ്ധപ്രവർത്തനങ്ങൾ. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തംഗം സുധീർ കുമാർ കടയുടെ ഉദ്ഘാടനം നിർവഹിച്ചു. സമീർ സിദ്ദീഖി.പി അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗവും ഈ ഗ്രൂപ്പിലെ അംഗവുമായ മിനി ആദ്യ വില്പന നടത്തി. ഇതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം റിട്ട. അദ്ധ്യാപകൻ സുരേന്ദ്രൻ നിർവഹിച്ചു. പ്രവീൺ .എസ്.എൽ, സുനിൽകുമാർ, രാകേഷ് വേലപ്പൻ, പ്രദീപ് .എസ്.കെ, ഹബീബ്, ജസ്റ്റിൻ.ജെ, സുജ, രമണി, ലേഖ, ശിവപ്രിയ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വർഷം ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത രമണിയെന്ന സഹപാഠിക്ക് ഒരു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ഒരു കോഴിഫാം നിർമ്മിച്ച് നൽകിയിരുന്നു.