gold-smuggling

കൊച്ചി : കോഫേപോസെ ചുമത്തിയതോടെ കസ്റ്റംസ് ഹെഡ് ഹവിൽദാറടക്കം സ്വർണക്കടത്ത് കേസിലെ മൂന്ന് പ്രതികൾ കരുതൽ തടങ്കലിൽ. ഒരു വർഷത്തോളം കരുതൽ തടങ്കലിൽ കഴിയേണ്ടിവരും. മാർച്ച് ഒന്നിന് മൂന്നു കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഹെഡ് ഹവിൽദാർ കണ്ണമാലി സ്വദേശി സുനിൽ ഫ്രാൻസിസ്, യാത്രക്കാരൻ മൂവാറ്റുപുഴ സ്വദേശി അദിദാൻ ഖാലിദ്, സ്വർണക്കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരൻ മൂവാറ്റുപുഴ സ്വദേശി പി.എ. ഫൈസൽ എന്നിവരെ ഡി.ആർ.ഐ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഇവർക്കെതിരെ കോഫേപോസെ ചുമത്തിയത്.

മൂവരും ചേർന്ന് പലവട്ടം സ്വർണം കടത്തിയിട്ടുണ്ട്. കസ്റ്റംസ് ഹവിൽദാർ സുനിൽ ഫ്രാൻസിസ് ഇപ്പോൾ സസ്‌പെൻഷനിലാണ്. അദിദാൻ ഖാലിദാണ് മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കള്ളക്കടത്ത് സംഘത്തിനുവേണ്ടി ദുബായിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഫൈസൽ 2015ലെ സ്വർണക്കടത്ത് കേസിൽ പ്രതിയായതിനെത്തുടർന്ന് ഒരുവർഷത്തെ കോഫെപോസ തടവ് പൂർത്തിയാക്കി 2018 ജൂലായിലാണ് പുറത്തിറങ്ങിയത്. വീണ്ടും സ്വർണക്കടത്ത് ആരംഭിക്കുകയായിരുന്നു. 2015ൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എമിഗ്രേഷൻ ഉദ്യോഗസ്ഥനടക്കം 36 പേർ അറസ്റ്റിലായിരുന്നു. മൂവാറ്റുപുഴ സംഘമാണ് സ്വർണം കടത്തിയിരുന്നത്. അന്നത്തെ കേസിൽ രണ്ടു വർഷത്തോളം ഒളിവിലായിരുന്നു ഫൈസൽ. പിന്നീട് പ്രത്യേക അന്വേഷണസംഘം പിടിച്ച് ജയിലിലടയ്ക്കുകയായിരുന്നു.