കോന്നി അസംബ്ലി മണ്ഡലത്തിലെ ജനങ്ങളുടെ പ്രിയങ്കരനായ അടൂർ പ്രകാശ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായത് തീർത്തും അപ്രതീക്ഷിതം. തങ്ങളുടെ ഷുവർബെറ്റെന്ന് ഇടതുപക്ഷം കൊട്ടിഘോഷിച്ച മണ്ഡലത്തിൽ പ്രകാശ് ആധികാരിക വിജയം നേടിയതും അപ്രതീക്ഷിതം. എങ്കിലും ആറ്റിങ്ങലിലെ ജനങ്ങളുടെ പ്രതിനിധിയായി പാർലമെന്റിൽ എത്തുമ്പോൾ മനസിൽ ചില പദ്ധതികളുണ്ട്. ഒരു എം.പിക്ക് ഏതറ്റം വരെ പോകാമെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് അഞ്ചുതവണ കേരള നിയമസഭയിൽ അംഗമായിട്ടുള്ള അടൂർ പ്രകാശ്.
? തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്തിന്റെ ഏറ്റവും ഉറപ്പുമുള്ള മണ്ഡലങ്ങളിൽ ഒന്നായി അവരും യു.ഡി.എഫും കണക്കാക്കിയിരുന്ന ആറ്റിങ്ങലിൽ ആധികാരിക വിജയം നേടാനായതിന്റെ രഹസ്യമെന്ത്.
ഒരു പ്രത്യേക ഘട്ടത്തിലാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി എന്നോടാവശ്യപ്പെട്ടത്. കഴിഞ്ഞ 30 വർഷമായി ഇടതുപക്ഷം കുത്തകയാക്കി വച്ച മണ്ഡലത്തിൽ മത്സരിക്കുകയെന്നത് ഒരു വെല്ലുവിളി എന്ന നിലയിൽ ഞാനും ഏറ്റെടുത്തു. പാർട്ടി ഏൽപ്പിക്കുന്ന ചുമതല ഉത്തരവാദിത്വത്തോടെ നിർവഹിക്കാൻ പ്രവർത്തകനെന്ന നിലയിൽ ബാദ്ധ്യസ്ഥനാണ്. മണ്ഡലത്തിലേക്ക് ആദ്യമെത്തിയപ്പോൾ ജനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായി. താഴെത്തട്ടിലുള്ളവരും സാധാരണക്കാരുമായ ജനങ്ങൾ ഏറെയുള്ള മണ്ഡലം. അവരുടെ ആത്മാർത്ഥതയും സ്നേഹവും കണ്ടപ്പോൾ എന്റെ ആത്മവിശ്വാസം വർദ്ധിച്ചു. മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന് തുടക്കത്തിലേ എനിക്കുറപ്പുണ്ടായിരുന്നു.
അല്പം വൈകിയാണ് ഞാൻ കളത്തിലിറങ്ങിയത്. എന്നോട് വ്യക്തിപരമായി അടുപ്പമുള്ള ചില മാദ്ധ്യമ പ്രവർത്തകർ പോലും ജയത്തിന്റെ കാര്യത്തിൽ സംശയമാണ് പ്രകടിപ്പിച്ചത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ദിവസവും മൂന്നോ നാലോ മണിക്കൂർ മാത്രമായിരുന്നു ഉറങ്ങിയത്. ശേഷിക്കുന്ന സമയമത്രയും യാത്രയായിരുന്നു, മണ്ഡലത്തിന്റെ ഓരോ കോണിലേക്കും. പാർട്ടി പ്രവർത്തകരും വളരെ ആത്മാർത്ഥമായി രംഗത്തിറങ്ങി.
?ഇത്ര ഉറപ്പു പറയാൻ കാരണം
ചരിത്രം പരിശോധിച്ചാലറിയാം, ഈ മണ്ഡലം യഥാർത്ഥത്തിൽ ഇടതുപക്ഷത്തിന്റെ കുത്തകയല്ല. വ്യാപകമായി കള്ളവോട്ടുകൾ ഇവിടെ നടന്നിട്ടുണ്ടെന്ന് വേണം സംശയിക്കാൻ. രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉള്ളവർ പോലുമുണ്ടായിരുന്നു. ഇതേക്കുറിച്ച് ഡൽഹിയിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് ഞാൻ പരാതി നൽകി. എന്നാൽ ഇരട്ടിക്കൽ ഇല്ലെന്നായിരുന്നു മറുപടി. സി.ഡി അടക്കം വ്യക്തമായ രേഖകൾ ഹാജരാക്കിയതോടെ കളക്ടർക്ക് ഞാൻ പറഞ്ഞത് സമ്മതിക്കേണ്ടി വന്നു. ബൂത്ത് തിരിച്ചുള്ള വോട്ടർമാരുടെ കൃത്യമായ ലിസ്റ്റ് എത്തിച്ചുകൊടുത്തു. കള്ളവോട്ടുകൾ തടയാനായത് വോട്ടിംഗിൽ പ്രതിഫലിച്ചു.
?തുടക്കത്തിൽ പാർട്ടിയിലെ തന്നെ ചിലരെങ്കിലും മുഖംതിരിച്ചു നിന്നതായി കേട്ടിരുന്നല്ലോ.
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ആറ്റിങ്ങലിലേക്ക് അനുയോജ്യരായ മറ്റാരെങ്കിലും ഉണ്ടെങ്കിൽ നോക്കാനാണ് ഞാൻ ആദ്യംപാർട്ടി നേതൃത്വത്തോട് പറഞ്ഞത്. മാത്രമല്ല കോന്നി മണ്ഡലം വിട്ട് വരാൻ എനിക്ക് താത്പര്യവുമില്ലായിരുന്നു. കാരണം വൈകാരികമായി വളരെ ബന്ധമുള്ള പ്രദേശമാണ് കോന്നി. പ്രത്യേകിച്ച് എന്തെങ്കിലും എതിർപ്പുകളുടെ സൂചന എന്റെ ശ്രദ്ധയിൽപ്പെട്ടില്ല.
? ഭാവിയിൽ കേരളത്തിൽ ഒരു യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ സുപ്രധാന ചുമതലകളിലെത്താൻ സാദ്ധ്യതയുള്ള നേതാവായിട്ടും പ്രത്യേകിച്ച് ഇപ്പോൾ ഒരു സാദ്ധ്യതയുമില്ലാത്ത ലോക് സഭയിലേക്ക് പോകേണ്ടി വന്നതിൽ നിരാശയുണ്ടോ.
ഒരു നിരാശയുമില്ല. സ്ഥാനമാനങ്ങൾക്ക് പിറകെ പോകുന്നയാളല്ല ഞാൻ. കെ.എസ്.യു യൂണിറ്ര് സെക്രട്ടറിയായിട്ടാണ് തുടങ്ങിയത്. പിന്നീട് കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും പാർട്ടിയിലും നിരവധി ചുമതലകൾ വഹിച്ചു. പടിപടിയായിട്ടാണ് ഞാൻ ഉയർന്നു വന്നത്. പാർട്ടിയാണ് എനിക്ക് എല്ലാം തന്നത്. പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുത്തതിന്റെ പേരിലാണ് അതെല്ലാം, അല്ലാതെ ഔദാര്യത്തിൽ കിട്ടിയതല്ല.
കോന്നിയിൽ എനിക്ക് ആദ്യം മത്സരിക്കാൻ അവസരം തന്നത് അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന വയലാർ രവിയാണ്. എൻ.ഡി.പി മത്സരിച്ചിരുന്ന സീറ്റാണ് കോന്നി. അവർ വിട്ടുപോയാൽ മത്സരിക്കാമെന്നും നാമനിർദ്ദേശ പത്രിക നൽകാനും വയലാർ രവിയാണ് നിർദ്ദേശിച്ചത്. മുൻ എം.എൽ.എ ആയിരുന്ന പി.ജെ.തോമസ് ഉൾപ്പെടെ ചുരുക്കം നേതാക്കൾക്കൊപ്പമാണ് അന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വേറെ അധികമാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
? ആറ്റിങ്ങലിൽ സാമുദായിക സംഘടനകളുടെ നിലപാട് എങ്ങനെയായിരുന്നു.
സമുദായ സംഘടനകളെല്ലാം ഒരു പോലെ സഹായിച്ചു. അവരോടെല്ലാം വ്യക്തിപരമായി എനിക്ക് നന്ദിയുണ്ട്.
?ശബരിമല വിഷയം തിരഞ്ഞെടുപ്പു ഫലത്തെ അനുകൂലിച്ചോ.
തീർച്ചയായും അനുകൂലിച്ചു. കാരണം കോടതിവിധിയും അതേത്തുടർന്നുള്ള സർക്കാർ നിലപാടും വിശ്വാസികളുടെ ചിന്തയിൽ വലിയ മാറ്റമുണ്ടാക്കി. ആ മാറ്രം തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.
? എം.പി.എന്ന നിലയിൽ ആറ്രിങ്ങൽ മണ്ഡലത്തിൽ പ്രാധാന്യം നൽകി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ.
ലോക്സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ളി മണ്ഡലങ്ങളിലെയും പ്രധാനവിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷണം നടത്തി കണ്ടെത്തും. അതേക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാം ചേർത്തുള്ളൊരു പാക്കേജ് ഉചിതമായിരിക്കുമെന്ന് കരുതുന്നു. കേന്ദ്രത്തിൽ നിന്ന് എന്തു സഹായം കിട്ടും, എങ്ങനെ അത് നേടിയെടുക്കാം, കിട്ടുന്ന ഫണ്ട് പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാരിനെ കൊണ്ട് എന്തുചെയ്യിക്കാം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.
? കാലങ്ങളായി പറഞ്ഞുകേൾക്കുന്ന ആറ്റിങ്ങൽ ബൈപാസ് യാഥാർത്ഥ്യമാവുമോ.
അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കണം. ബൈപാസ് മാത്രമല്ല, ടൂറിസം മേഖലയെ എങ്ങനെ പ്രയോജനപ്പെടുത്താം, ടൂറിസം സാദ്ധ്യതയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് ഒരു സർക്യൂട്ട് തയാറാക്കാമോ തുടങ്ങിയ സാദ്ധ്യതകളും പരിശോധിക്കണം. ഏതായാലും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം, കഴിയുന്നത്ര സമയം ഞാൻ മണ്ഡലത്തിൽ തന്നെയുണ്ടാവും.
?പാർലമെന്റിൽ ആദ്യമാണല്ലോ, തയ്യാറെടുപ്പുകൾ എന്തെങ്കിലും.
എം.പിയുടെ അവകാശങ്ങൾ എന്തെല്ലാമെന്ന് മനസിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കും. ലോക്സഭയിലെ 542 അംഗങ്ങൾക്കും ഒരേ അവകാശമാണുള്ളത്. കൂട്ടത്തിൽ നിന്നുകൊണ്ട് മണ്ഡലത്തിന് വേണ്ടി എന്ത് നേടിയെടുക്കാം എന്നാണ് നോക്കേണ്ടത്.