തിരുവനന്തപുരം: തലശേരിയിലെ കോടിയേരി ദാസൻ വധക്കേസിൽ കോടതിരേഖകളിൽ സി.പി.എം പ്രവർത്തകർ കൃത്രിമം കാട്ടി ആർ.എസ്.എസുകാരെ കുടുക്കിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കോടതിയുടെ സേഫിൽ സുരക്ഷിതമായി ഇരിക്കേണ്ട രേഖയിലാണ് കൃത്രിമം കാട്ടിയതെന്ന് വിചാരണക്കോടതിയും ഹൈക്കോടതിയും പറഞ്ഞ സ്ഥിതിക്ക് സി.പി.എം നേതാക്കളുടെയും കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥരുടെയും പങ്ക് സർക്കാർ അന്വേഷിക്കണം.
സി.പി.എം നേതാവായിരുന്ന കോടിയേരി ദാസനെ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർ കൊന്നുവെന്ന കേസിലെ പ്രതികളെ വിട്ടയച്ച തലശേരി കോടതി വിധിക്കെതിരായ അപ്പീൽ തള്ളിയ വിധിയിലാണ് രേഖകളിൽ കൃത്രിമം കാട്ടിയതിനെതിരെ ഹൈക്കോടതി നിലപാടെടുത്തത്. ഇതോടെ സി.പി.എം ഭരണകൂടങ്ങൾ എതിരാളികളെ കേസിൽ കുടുക്കി വേട്ടയാടുന്നത് വീണ്ടും വ്യക്തമായി. കോടതിയിൽ സൂക്ഷിച്ച രേഖകളിൽ ഒരു പേജ് മാറ്റി പുതിയ പേജ് ചേർത്ത് ആർ.എസ്.എസുകാരനെ പ്രതിയാക്കിയെന്നാണ് തലശേരി കോടതി കണ്ടെത്തിയത്. ഹൈക്കോടതി ഇത് ശരി വച്ചെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഐസക്കിനെതിരെ
കോടതിയിൽ പോകും
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരെ സിവിൽ, ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. തന്റെ വക്കീൽനോട്ടീസിന് മറുപടി തരാനുള്ള സമയപരിധി തീർന്നശേഷം നടപടികളിലേക്ക് നീങ്ങും.
പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രി വിദേശയാത്ര നടത്തിയിട്ട് ഒന്നും കിട്ടാതെ വന്നതോടെ, മന്ത്രിമാർക്ക് വിദേശത്ത് പോകാൻ കേന്ദ്രം അനുമതി നൽകാതിരുന്നത് ശരിയായിരുന്നുവെന്ന് ബോദ്ധ്യമായി. കേന്ദ്രം നൽകിയ ധനസഹായവും സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്തു.
സംസ്ഥാന ബി.ജെ.പിയിൽ പുനഃസംഘടനയെന്നത് മുന ഒടിഞ്ഞ വാദമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10ന് ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം അഭിനന്ദൻ പരിപാടിയിൽ ബി.ജെ.പി പ്രവർത്തകരെ സംബോധന ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരന് ഇന്ന് കോഴിക്കോട്ട് സ്വീകരണമൊരുക്കുമെന്നും പിള്ള അറിയിച്ചു.