വാഷിംഗ്ടൺ: ഇരുപത്തൊന്നുകാരി ലെക്സി അൽഫോർഡ് ഒരു സംഭവം തന്നെയാണ്. ലോകത്തിലെ പരമാധികാരമുള്ള 196 രാജ്യങ്ങളാണ് ഈ ചെറുപ്രായത്തിനിടെ ലെക്സി സഞ്ചരിച്ചത്. ഇതോടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സഞ്ചരിച്ച ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ഗിന്നസ് റെക്കോഡ് ഈ അമേരിക്കക്കാരി സ്വന്തം പേരിലാക്കി. കഴിഞ്ഞമാസം മുപ്പത്തൊന്നിന് ദക്ഷിണകൊറിയയിൽ എത്തിയതോടെയാണ് ചരിത്രനേട്ടം ലെക്സി സ്വന്തമാക്കിയത്.2013ൽ ഇംഗ്ളണ്ടിലെ ജെയിംസ് അസ്ക്വിത് എന്ന ഇരുപത്തിനാലുകാരൻ സ്ഥാപിച്ച റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. റെക്കോഡ് നേട്ടം സ്വന്തമാക്കുമ്പോൾ ഇരുപത്തിനാല് വയസും 192ദിവസവുമായിരുന്നു ജെയിംസിന്റെ പ്രായം.
കുഞ്ഞുന്നാളിലേ ലെക്സിക്ക് യാത്രയോട് വല്ലാത്ത പ്രണയമായിരുന്നു. സൗകര്യം കിട്ടുമ്പോഴെല്ലാം എവിടേക്കെങ്കിലും യാത്രപോകും. കുട്ടിക്കാലം മുതൽ തന്നെ രാജ്യങ്ങൾ സന്ദർശിച്ചുതുടങ്ങി. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ് ഇതിന് അവസരം ഒരുക്കിയത്. ഗിന്നസ് റെക്കോഡ് സ്വന്തംപേരിലാകുമെന്ന് അന്നൊന്നും സ്വപ്നത്തിൽപ്പോലും കരുതിയില്ല. നല്ലൊരു യാത്രക്കാരിയാവണമെന്നുമാത്രമായിരുന്നു ആഗ്രഹം.
പതിനെട്ടുവയസുള്ളപ്പോൾ എഴുപത്തിരണ്ട് രാജ്യങ്ങൾ സന്ദർശിച്ചതോടെയാണ് റെക്കേഡ് നേട്ടം സ്വന്തമാക്കണമെന്ന ആശയം മനസിലുദിച്ചത്. പിന്നെ അതിനുവേണ്ടിയായി പരിശ്രമം. പ്രതിബന്ധങ്ങൾ നിരവധി ഉണ്ടായെങ്കിലും അവസാനം നേട്ടം കൈപ്പിടിയിലൊതുക്കി.
നിരവധിപേരുടെ സഹായസഹകരണം കൊണ്ടാണ് അപൂർവനേട്ടം സ്വന്തമാക്കാനായതെന്നാണ് ലെക്സി പറയുന്നത്. സഹായിച്ച എല്ലാവർക്കും നന്ദിപറയാനും അവർ മറന്നില്ല. ജീവിതത്തിലെ ഏറ്റവും മഹത്തായ അധ്യായം അവസാനിച്ചുവെന്നും ഇനി പുതിയ തുടക്കമാണെന്നുമാണ് ലെക്സി പറയുന്നത്.
ലെക്സി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത യാത്രാ ചിത്രങ്ങൾ മാരക വൈറലാണ്.