സംസ്ഥാന ജീവനക്കാരുടെ സംഘബോധത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ കേരള എൻ.ജി.ഒ. യൂണിയന്റെ 56-ാം സംസ്ഥാന സമ്മേളനം ജൂൺ എട്ട് മുതൽ 11 വരെ തിരുവനന്തപുരത്ത് നടക്കുകയാണ്. ശ്രീനാരായണഗുരു, മഹാത്മാ അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, വക്കം അബ്ദുൾ ഖാദർ മൗലവി തുടങ്ങി ഒട്ടനവധി നവോത്ഥാന നായകരുടെ ജന്മദേശവും കർമ്മമണ്ഡലവുമായിരുന്ന തലസ്ഥാന ജില്ലയിൽ 12-ാം തവണയാണ് എൻ.ജി.ഒ. യൂണിയൻ സമ്മേളനം ചേരുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം കൂടുതൽ ദുസഹമാക്കിയിരിക്കുന്നു. പെൻഷൻ അടക്കമുള്ള ക്ഷേമപദ്ധതികൾ കവർന്നെടുത്തും തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചും തൊഴിലെടുക്കുന്നവർക്ക് പകരം യന്ത്രങ്ങളെ പ്രതിഷ്ഠിച്ചുമാണ് കമ്പോളശക്തികൾ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിച്ചത്. സാമ്പത്തികവളർച്ച രണ്ടക്കത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകിയവരുടെ കാലത്ത് വളർച്ചാനിരക്ക് കുത്തനെ ഇടിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന കണക്കനുസരിച്ച് 2019 ജനുവരി - മാർച്ച് പാദത്തിലെ സാമ്പത്തിക വളർച്ച 5.8 ശതമാനം മാത്രമാണ്. 45 വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. കർഷക ആത്മഹത്യ 40 ശതമാനത്തിലേറെ വർദ്ധിച്ചു.
രാജ്യത്തെ പ്രധാനപ്പെട്ട 44 തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതി നാല് ലേബർ കോഡുകളാക്കുകയാണ്. സർക്കാർ മേഖലയിൽ മാത്രം 29 ലക്ഷം ഒഴിവുകൾ നികത്തിയിട്ടില്ല. അഞ്ചുവർഷം കൊണ്ട് കേന്ദ്ര സിവിൽസർവീസിലെ 75000 തസ്തികകൾ മോദി സർക്കാർ വെട്ടിക്കുറച്ചു. കരാർ കാഷ്വൽ നിയമനങ്ങൾ സാവത്രികമാക്കി. സാമൂഹ്യസുരക്ഷാ പദ്ധതികളിൽ സുപ്രധാനമായിരുന്നു ജീവനക്കാരുടെ പെൻഷൻ. ഇതില്ലാതാക്കാൻ 1999 -2004 കാലത്തെ വാജ്പേയ് സർക്കാരാണ് തീരുമാനിച്ചത്. ഇടതുപക്ഷ പിന്തുണയില്ലാതെ അധികാരമേറ്റ രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് കോൺഗ്രസും ബി.ജെ.പി.യും ചേർന്ന് പി.എഫ്.ആർ.ഡി.എ. ബിൽ നിയമമാക്കി.
തൊഴിൽ നിയമഭേദഗതിക്കും ദ്രോഹനടപടികൾക്കുമെതിരെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും തൊഴിലാളികൾ സമരത്തിനിറങ്ങി. മോദി സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ ലക്ഷക്കണക്കിന് യുവജനങ്ങൾ പാർലമെന്റ് മാർച്ച് നടത്തി. 2019 ജനുവരി 8, 9 തീയതികളിൽ ദ്വിദിന ദേശീയ പണിമുടക്കും നടന്നു. തൊഴിലാളികളുടെ പന്ത്രണ്ട് ഇന ജീവിതാവശ്യങ്ങളുന്നയിച്ച് നടത്തിയ ദേശീയ പണിമുടക്കിൽ പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ച് ജീവനക്കാരും അദ്ധ്യാപകരും അണിനിരന്നു.
കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ, കേന്ദ്രത്തിന്റെ ജനവിരുദ്ധ നവലിബറൽ നയങ്ങൾക്ക് ബദലായ ജനപക്ഷ നയങ്ങളാണ് മുറുകെപ്പിടിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, കൃഷി മേഖലകളുടെ പുനരുദ്ധാരണത്തിനും ശാക്തീകരണത്തിനുമായി ആവിഷ്കരിച്ച നവകേരള മിഷൻ നൂറുമേനി നേട്ടമുണ്ടാക്കി. ക്ഷേമപെൻഷനുകൾ കൂടുതൽ പേർക്ക് ലഭ്യമാക്കി. നല്ലൊരു പങ്ക് പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. ഗെയ്ൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, വാട്ടർ മെട്രോ, തീരദേശ ഹൈവേ, മലയോര ഹൈവേ തുടങ്ങിയ പദ്ധതികൾ ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കി.
മുൻകാല യു.ഡി.എഫ്. സർക്കാരുകൾ തർക്കപ്രശ്നമാക്കുകയും പലവട്ടം നിഷേധിക്കുകയും ചെയ്ത സമയബന്ധിത ശമ്പള പരിഷ്കരണം, കേന്ദ്രനിരക്കിലുള്ള ക്ഷാമബത്ത, തസ്തികകളുടെ സംരക്ഷണം എന്നിവ ജീവനക്കാരുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സർക്കാരിന്റേത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള, മുൻ യു.ഡി.എഫ്. സർക്കാർ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കാൻ കമ്മിഷനെ നിയമിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ് രൂപീകരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലായി ഇരുപതിനായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ചു. ഒരു ലക്ഷത്തിലേറെപ്പേർക്ക് പി.എസ്.സി നിയമനം നൽകി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് യാഥാർത്ഥ്യമാക്കി. തദ്ദേശഭരണ പൊതുസർവീസ് യാഥാർത്ഥ്യമാകുന്നു. ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (മെഡിസെപ്) നടപ്പിലാക്കി.
സിവിൽ സർവീസിന്റെ സേവനക്ഷമത ഉയർത്താൻ സംസ്ഥാന സർക്കാർ സർവീസ് സംഘടനകളുടെ സഹകരണം ആവശ്യപ്പെട്ടു. സിവിൽ സർവീസ്, അഴിമതി വിമുക്തവും കാര്യക്ഷമവും ജനസൗഹൃദപരവുമായി പുന:സംഘടിപ്പിക്കാതെ നിലനിൽക്കാനാവില്ലെന്ന തിരിച്ചറിവിൽ സർവീസ് സംഘടനകൾ സർക്കാർ നിർദ്ദേശത്തോട് യോജിച്ചു. സർക്കാരാഫീസുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനും നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിത പരിഷ്കാരങ്ങൾ വരുത്താനും സർക്കാരും പരിശ്രമിക്കേണ്ടതുണ്ട്. ജീവനക്കാരെ അവകാശബോധമുള്ളവരാക്കി മാറ്റാനെന്ന പോലെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കാനും കേരള എൻ.ജി.ഒ.യൂണിയൻ ആത്മാർത്ഥ പരിശ്രമം നടത്തിയിട്ടുണ്ട്.
ഭവനരഹിതർക്ക് സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവന സമുച്ചയം നിർമ്മിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരാഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനം യാഥാർത്ഥ്യമാക്കി. മഴക്കാലപൂർവ ശുചീകരണത്തിൽ പങ്കാളികളായും പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണത്തിനായി ഒാഫീസ് അങ്കണങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചും നാടിനൊപ്പമാണ് ഞങ്ങളെന്ന് സിവിൽ സർവീസ് പ്രഖ്യാപിച്ചു. ബദൽ നയങ്ങൾ ഉയർത്തി ജനക്ഷേമ പരിപാടികളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നിക്ഷിപ്ത താത്പര്യക്കാരുടെ വൻനിരയുണ്ട്.
പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കാൻ ഒരു മാസത്തെ വേതനം സംഭാവന ചെയ്യുന്ന സാലറി ചലഞ്ചിൽ പങ്കാളികളാകണമെന്ന് സർക്കാർ ആഹ്വാനം ചെയ്തപ്പോൾ സർവ മേഖലകളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. എന്നാൽ പുനർനിർമ്മിതിക്കായുള്ള യജ്ഞത്തെപ്പോലും തുരങ്കം വയ്ക്കാൻ നിക്ഷിപ്ത താത്പര്യക്കാർ അരയും തലയും മുറുക്കി രംഗത്തിറങ്ങി.
നവലിബറൽ നയങ്ങളെ തീവ്രമായി പിൻതുടരുകയും അതിന്റെ ജനവിരുദ്ധതയെ മറച്ചു പിടിക്കാൻ വർഗീയതയെ കവചമാക്കുകയും ചെയ്യുന്ന മോദി സർക്കാർ രണ്ടാം വരവിൽ കൂടുതൽ ആക്രമണോത്സുകമാകുമെന്നതിന്റെ സൂചനകൾ ആദ്യനാളുകളിൽത്തന്നെ വന്നു കഴിഞ്ഞു. വിട്ടുവീഴ്ചയില്ലാത്തതും വിശ്രമരഹിതവുമായ പ്രക്ഷോഭങ്ങളുയർത്തി മാത്രമേ മുന്നോട്ടു പോകാനാകൂ.
വർത്തമാനകാല വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ ഏറ്റെടുത്ത് നവകേരള സൃഷ്ടിക്കായ് ബദൽ നയങ്ങൾ ഉയർത്തി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനു കരുത്ത് പകരേണ്ടതുണ്ട്. അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കി മാത്രമേ ജീവനക്കാർക്ക് ബദൽ നയങ്ങളെ സംരക്ഷിക്കാനാകൂ. ഇത്തരം ഗൗരവപൂർണമായ ബഹുമുഖ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള ചർച്ചകളും തീരുമാനങ്ങളും 56-ാം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ അജൻഡയാകും.