ടോക്കിയോ: തൊഴിലിടങ്ങളിൽ സ്ത്രീകൾ ഹൈ ഹീൽ ചെരുപ്പുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശത്തിനിനെതിരെ ജപ്പാനിൽ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ ചോദ്യം ചെയ്തുള്ള മീടൂ മൂവ്‌മെന്റിന് സമാനമായി കുടൂ മൂവ്‌മെന്റും (#kutoo) ഇതിനെതിരെ രൂപപ്പെട്ടു. മൂവ്മെന്റിനെ എതിർത്ത ജപ്പാൻ ആരോഗ്യ-തൊഴിൽ മന്ത്രി തക്വമി നിമോട്ടോയൊ സോഷ്യൽ മീഡിയയിൽ സ്ത്രീകൾ വലിച്ചുകീറി ഒട്ടിക്കുകയാണ്.ഹൈ ഹീൽ ധരിക്കുന്നത് അത്യാവശ്യവും അനുയോജ്യവുമാണെന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം. ഹൈ ഹീൽ ധരിക്കുന്നത് അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരുസംഘം സ്ത്രീകൾ സമർപ്പിച്ച പരാതിയിൽ പ്രതികരിക്കെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. എത്രയുംപെട്ടെന്ന് മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നാണ് സ്ത്രീകളുടെ ആവശ്യം. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നാണ് മന്ത്രി പറയുന്നത്.
നടിയും ഫ്രീലാൻസ് എഴുത്തുകാരിയുമായ യുമി ഇഷിക്കോവയാണ് കുടൂ മൂവ്‌മെന്റിന് തുടക്കം കുറിച്ചത്. ഷൂ, വേദന എന്നിങ്ങനെയാണ് ഇൗ ജപ്പാനീസ് വാക്കിന്റെ അർത്ഥം. ജോലിചെയ്യുന്നവർ മാത്രമല്ല ജോലി അന്വേഷിച്ചെത്തുന്നവരും ഹൈഹീൽ ധരിക്കണമെന്നാണ് തൊഴിലുടമകളുടെ ആവശ്യം. ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തിയാണ് സ്ത്രീകൾ ഇൗ നിർദ്ദേശത്തെ എതിർത്തത്. ഹൈഹീൽ ധരിക്കാതെ ജോലിക്കെത്തിയ ചിലർക്കെതിരെ തൊഴിലുടമകൾ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.