world

ലണ്ടൻ: ബെല്ലി ഡാൻസറും മോഡലുമായ അന്ന ബെല്ലയ്ക്ക് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാം ഫോളേവേഴ്സിന്റെ എണ്ണവും നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുകയാണ്. അന്നയുടെ മുടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നിലത്ത് വീണിഴയുന്ന മുടിയെന്നൊക്കെ കാൽപനികമായി പറയാറുണ്ട്. ഇത് വെറും സങ്കല്പമല്ല, സത്യം തന്നെയെന്ന് അന്നയുടെ മുടി കാണുമ്പോൾ ആരും സമ്മതിച്ചുപോകും.

'ഫാഷൻ എവരിഡേ' എന്ന ഫേസ്ബുക്ക് പേജിൽ അന്നയുടെ വീഡിയോ വന്നതോടെയാണ് മുടി ചർച്ചാവിഷയമായത്. ആളിനോളം നീളമുള്ള മുടികണ്ട് പലരും അന്തംവിട്ടു. വീഡിയോപുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ലൈക്കും എണ്ണായിരത്തോളം ഷെയറുമായി സംഗതി കേറിയങ്ങ് വൈറലായി. അതോടെ ഇൻസ്റ്റാഗ്രാമിൽ അന്നയുടെ കൂട്ടാവാൻ പലരും ഇറങ്ങിത്തിരിച്ചു. ഇവരെല്ലാം ഇപ്പോൾ അന്നയുടെ കടുത്ത ആരാധകരാണ്. ഇൻസ്റ്റാഗ്രാമിലും മുടി തന്നെയാണ് അന്നയുടെ പ്രധാന ആകർഷണം. മുടിയുടെ പിന്നിലെ രഹസ്യമാണ് കൂടുതൽപേർക്കും അറിയേണ്ടത്. തിരക്കിട്ട ജീവിതത്തിനിടയിൽ ഒരു കുഴപ്പവുമില്ലാതെ മുടി എങ്ങനെ സംരക്ഷിക്കുന്നു എന്നാണ് മറ്റുചിലർക്ക് അറിയേണ്ടത്. എന്നാൽ രഹസ്യങ്ങൾ കൂടുതൽ പുറത്തുവിടാൻ അന്ന ഒരുക്കമല്ല. മുടിസംരക്ഷണം ഇത്തിരി കടുത്ത പണിയാണെന്നുമാത്രമാണ് അന്ന പറയുന്നത്.