കഴിഞ്ഞ വർഷം കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ മഹാമാരിയായ നിപ്പയെ ആസ്പദമാക്കി ആഷിക്ക് അബു ഒരുക്കിയ വൈറസ് എന്ന സിനിമ വലിയൊരു പോരാട്ടത്തിന്റെ ഫലമാണ്. സംഭവിച്ചതെന്ത് എന്നതിനെ കുറിച്ച് വ്യക്തമായ ബോദ്ധ്യമുള്ള ആബാലവൃദ്ധം ജനങ്ങൾക്ക് മുന്നിൽ ഇത്തരമൊരു കഥയെ ത്രില്ലിംഗായി അവതരിപ്പിക്കുകയെന്നത് ഏതൊരു സംവിധായകനും കടുത്ത വെല്ലുവിളി ആയിരിക്കും. ആ വെല്ലുവിളി ഏറ്റെടുത്താണ് ആഷിക് അബു തന്റെ സിനിമയെ വാർത്തെടുത്തിരിക്കുന്നത്.
കഥയല്ലിത് ജീവിതം
സിനിമയുടെ കഥയെ തന്നെ കേവലം മൂന്ന് വാക്കുകളിലാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഭയം, പോരാട്ടം, അതിജീവനം. ഈ മൂന്ന് ഘട്ടങ്ങളായി തന്നെയാണ് സിനിമയെ അവതരിപ്പിച്ചിരിക്കുന്നതും. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് തിരിക്കുന്ന കാമറ പിന്നീട് കേരളത്തെ പിടിച്ചുലച്ച മഹാമാരിയിലേക്ക് പതുക്കെ പടർന്നുകയറുകയാണ്. പിന്നെ പോരാട്ടത്തിന്റെ നാളുകളാണ്. ഭരണകൂടവും ആരോഗ്യ സംവിധാനവും ജനങ്ങളും ഒരു സമൂഹവും ചേർന്ന് കൈ -മെയ്യ് മറന്നുള്ള പോരാട്ടത്തിന്റേയും ഒടുവിൽ അതിജീവനത്തിന്റെ പുതിയൊരു മാതൃക സൃഷ്ടിക്കലുമായി 152 മിനിട്ടുള്ള സിനിമ ചരിത്രത്തിൽ ഇടംപിടിക്കുന്നു. സംഭവകഥയെ സിനിമയാക്കുമ്പോൾ കേവലം അതൊരു ഡോക്യുമെന്ററി തലത്തിലോ ഡോക്യുഫിക്ഷനിലേക്ക്
മാറിപ്പോയേക്കാം. കേവലമൊരു ഡോക്യുമെന്ററിയായി ചെയ്യാവുന്ന വിഷയത്തെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാനാവുന്ന തരത്തിൽ ആഷിക് അബു ആറ്റിക്കുറുക്കിയെടുത്തിരിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന അവാർഡ് ജേതാവ് മുഹസിൻ പെരാരിയുടെ തിരക്കഥ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല. പെരാരിയെ കൂടാതെ ഷറഫു, സുഹാസ് എന്നിവരും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
വൈകാരികം, നാടകീയം
നിപ്പ വൈറസ് ബാധയെ നേരിട്ടനുഭവിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനങ്ങൾക്ക് ഈ സിനിമ എത്രത്തോളം അനുഭവപ്പെട്ടുവെന്ന വലിയൊരു ചോദ്യം ഉയർന്നേക്കാം. എന്നാൽ, അന്യജില്ലകളിലുള്ളവർക്ക് ഹൃദയത്തിൽ തൊട്ടുപോകുന്ന സിനിമയായി തന്നെ ഫീൽ ചെയ്യുമെന്നതാണ് വസ്തുത. രണ്ട് ജില്ലകളിലെ ജനങ്ങളുടെ ജീവിതത്തെ തന്നെ താളം തെറ്റിച്ച മഹാമാരിയെ കുറിച്ചുള്ള കഥ വെള്ളിത്തിരയിൽ എത്തിക്കുമ്പോൾ അതിന്റേതായ നാടകീയതകളും ആഷിക്ക് അബു കരുതിവച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഈ നാടകീയതയുടെ അതിപ്രസരം സിനിമയിൽ കാണാനാകും. നിപ്പ ബാധിതരായവരുടെ വ്യക്തിജീവിതം പറയുന്നിടത്തൊക്കെ ഇത് പ്രേക്ഷകന് അനുഭവപ്പെടും. എന്നാൽ, യഥാർത്ഥ സംഭവത്തിൽ നിന്ന് കഥ മെനയുമ്പോൾ നാടകീയത തനിയെ വരുമെന്നതാണ് വസ്തുത്. തിരക്കഥയോ പ്രേക്ഷകനോ അത്തരമൊരു നാടകീയത ആവശ്യപ്പെടുന്നുണ്ടാകും.
സിനിമ സ്വതന്ത്രമായിരിക്കണമെന്നതാണ് അലിഖിത നിയമമെങ്കിലും എല്ലാ സിനിമകളിലും പക്ഷപാതത്തിന്റെ ചെറിയൊരു അംശമെങ്കിലും കാണാനാവും. ആഷിക്ക് അബുവിന്റെ ഈ സിനിമയിലും അത്തരമൊരു രാഷ്ട്രീയ പക്ഷപാതിത്വം നമുക്ക് കാണാനാകും. തന്റെ രാഷ്ട്രീയം ഇടത്തേക്കാണെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുള്ള സംവിധായകൻ സിനിമയിൽ അത് കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്. നിപ്പയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ സംവിധാനങ്ങൾ പകച്ചു നിൽക്കുമ്പോൾ, ഒരു ജൈവായുധ ആക്രമണമാണ് നിപ്പ പടർന്ന് പിടിച്ചതിന് പിന്നിലെന്ന് ഡൽഹി പ്രതിനിധികളെ കൊണ്ട് പറയിക്കുന്നതിന്റെ മുന ആരുടെ നേർക്കാണെന്ന് പ്രേക്ഷകന് അനായാസം മനസിലാക്കാനാകും. അപ്പോഴും സംസ്ഥാന ആരോഗ്യമന്ത്രിയെ കൊണ്ട് ഈ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറയിക്കുന്ന മറുതന്ത്രവും പയറ്റുന്നുണ്ട് സംവിധായകൻ.
യഥാർത്ഥത്തിൽ ഈ സിനിമ നിപ്പയ്ക്കെതിരെ പോരാടിയ ഓരോരുത്തർക്കുമള്ള ആദരമാണ്. എന്നാൽ അതിനൊക്കെയപ്പുറത്ത് എല്ലാവരേയും മനുഷ്യരായി കാണാൻ കൂടി സിനിമ പഠിപ്പിക്കുന്നുണ്ട്. സിനിമയിൽ നായകന്മാരോ നായികമാരോ ഇല്ല. മോർച്ചറിയിലെ ജോലിക്കാരൻ മുതൽ ഭരണവ്യവസ്ഥയിലെ ഉന്നതർ വരെ ഒരു മനസോടെ പ്രവർത്തിക്കുന്നതിന്റെ കൂടി നേർക്കാഴ്ചയാണ് ഈ സിനിമ.
താരങ്ങളല്ല, നമ്മളിലൊരാളാണ് അവരൊക്കെ
സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് അതിലെ അഭിനേതാക്കളാണ്. ഓരോ കഥാപാത്രത്തിനും യോജിക്കുന്നവരെ കണ്ടെത്താനായതാണ് സിനിമയെ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്. ആരോഗ്യമന്ത്രി സി.കെ.പ്രമീളയായി എത്തിയ രേവതി, നിപ്പ രോഗിയെ ചികിത്സക്കവെ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയായി റിമ കല്ലിങ്കൽ, ഡോ.അനുവായി എത്തിയ പാർവതി തിരുവോത്ത്, രോഗം പിടിപെട്ട മെഡിക്കൽ വിദ്യാർത്ഥിനിയായി മഡോണ സെബാസ്റ്റ്യൻ, ജില്ലാ കളക്ടറുടെ വേഷത്തിൽ ടൊവിനോ തോമസ്, ആരോഗ്യവകുപ്പ് ഡയറക്ടറുടെ വേഷത്തിൽ പൂർണിമ ഇന്ദ്രജിത്ത്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറായി എത്തിയ കുഞ്ചാക്കോ ബോബൻ എന്നിവരെല്ലാം തന്നെ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
സിനിമയുടെ രണ്ടാം പകുതിയിൽ നിപ്പ രോഗിയായി എത്തി പ്രേക്ഷകരെ അമ്പരിപ്പിച്ച സൗബിൻ ഷാഹിറും മിക ച്ച പ്രകടനമാണ് നടത്തുന്നത്. റ ഹ്മാൻ, ഇന്ദ്രജിത്ത്, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ഷറഫുദ്ദീൻ, ആസിഫ് അലി, സുധീഷ്, ബേസിൽ ജോസഫ്, സെന്തിൽ കൃഷ്ണ, ദിലീഷ് പോത്തൻ, സജിത മഠത്തിൽ, ലിയോണ ലിഷോയ് എന്നുവേണ്ട ചെറുതും വലുതുമായി വലിയൊരു താരനിര തന്നെ വന്നുപോകുന്നുണ്ട് സിനിമയിൽ. രാജീവ് രവിയുടെ കാമറ മികച്ചു നിൽക്കുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും സിനിമയ്ക്ക് ഇണങ്ങുന്നതായി.
റേറ്റിംഗ്: 3.5/5
വാൽക്കഷണം: കാണണം അറിയണം ഈ പോരാട്ടം