മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷാഫലം കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെ റാങ്ക് പട്ടികയിൽ പിന്നിലായിപ്പോയ ഏതാനും വിദ്യാർത്ഥിനികൾ ജീവനൊടുക്കി എന്ന അതീവ ദുഃഖകരമായ വാർത്തയും പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിൽ മൂന്നുപേരും കേരളത്തിൽ കോഴിക്കോട് ഒരാളുമാണ് നൈരാശ്യത്താൽ ജീവിതംതന്നെ അവസാനിപ്പിച്ചിരിക്കുന്നത്.
പരീക്ഷാ തോൽവിയിൽ മനംനൊന്ത് ജീവിതമൊടുക്കുന്നവരുടെ സംഖ്യ പൊതുവേ കൂടിവരുന്നതായാണ് സമീപകാല പ്രവണത. കേരളത്തിൽ അത്യുദാരമായ മാർക്ക് ദാനം നടത്തിയിട്ടും എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷാഫലങ്ങൾ വന്ന ദിവസങ്ങളിൽ കൗമാരക്കാരുടെ ആത്മാഹൂതിയെക്കുറിച്ചുള്ള ഹൃദയഭേദകമായ വാർത്തകൾ കേൾക്കേണ്ടിവന്നു. ഏറ്റവും ഉയർന്ന വിജയശതമാനം നേടിയതിനൊപ്പമാണ് ഇത്തരം ദുരന്തങ്ങളും അരങ്ങേറുന്നതെന്നത് സാമൂഹ്യമനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതു തന്നെയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അശാസ്ത്രീയമായ പരീക്ഷാ രീതിയെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങൾ ഇതോടൊപ്പം ഉയരുന്നതും പതിവാണ്. ജീവിത വിജയം നേടാനുള്ള നെട്ടോട്ടത്തിൽ പിന്തള്ളപ്പെടുന്ന കുട്ടികൾക്ക് വീട്ടിൽനിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളാണ് പലപ്പോഴും കുട്ടികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നതും ജീവിതത്തിനു തന്നെ വിരാമമിടാൻ അവരെ പ്രേരിപ്പിക്കുന്നതും.
മെഡിക്കൽ പ്രവേശനത്തിന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഏകീകൃത പരീക്ഷ പ്രാബല്യത്തിലായിട്ട് രണ്ടുവർഷമേ ആയുള്ളൂ. 'നീറ്റ്" വന്നതോടെ പ്രവേശനത്തിൽ മുൻപ് നടമാടിയിരുന്ന തട്ടിപ്പും ക്രമക്കേടുകളുമൊക്കെ അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്നത് നല്ല കാര്യം തന്നെയാണ്. അതോടൊപ്പംതന്നെ മത്സരം കൂടുതൽ കടുത്തതോടെ റാങ്ക് പട്ടികയിൽ മുൻനിരയിൽ ഇടംപിടിക്കുക അതീവ ദുഷ്കരവുമായിട്ടുണ്ട്. സാധാരണ സ്കൂളുകളിൽ പഠിച്ച് ഉന്നതനിലയിലുള്ള കോച്ചിംഗ് ക്ളാസുകളിൽ പോകാൻ സൗകര്യമില്ലാത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം 'നീറ്റ് " ബാലികേറാമലതന്നെയാണ്. യോഗ്യതാപരീക്ഷയായ പ്ളസ് ടുവിന് തൊണ്ണൂറും തൊണ്ണൂറ്റഞ്ചും ശതമാനം മാർക്ക് നേടിയാലും 'നീറ്റി"ൽ ശോഭിക്കണമെന്നില്ല. പ്രവേശന പരീക്ഷാ പരിശീലനം സമഗ്രമായി ഉൾക്കൊള്ളുന്നവരെയാകും വിജയം അനുഗ്രഹിക്കാറുള്ളത്.
'നീറ്റ് " വരുന്നതിനുമുമ്പ് തമിഴ്നാട്ടിൽ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു മെഡിക്കൽ പ്രവേശനം. പ്രവേശന പരീക്ഷാസമ്പ്രദായത്തിന് തമിഴ്നാട് സർക്കാർ തീർത്തും എതിരുമായിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്.. 'നീറ്റി"നെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിവരെ പോയെങ്കിലും ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയാണുണ്ടായത്. ഇപ്രാവശ്യത്തെ 'നീറ്റ് " ഫലം പുറത്തുവന്നതിനെത്തുടർന്നുള്ള ആത്മഹത്യാപരമ്പര ഒരിക്കൽകൂടി നീറ്റിനെതിരെയുള്ള ജനരോഷം ആളിക്കത്തിച്ചേക്കാം.
വിദ്യാഭ്യാസം ഡോക്ടറും എൻജിനിയറുമാകാൻ വേണ്ടിമാത്രമുള്ളതാണെന്ന മൂഢവിശ്വാസം സമൂഹത്തിൽ വർദ്ധിച്ചുവരുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതമാണ് പല രൂപത്തിൽ ഇന്ന് കാണാനാവുന്നത്. കുട്ടികൾക്ക് ജന്മം നൽകുന്നതുതന്നെ ഡോക്ടറായി കാണാനാണെന്ന് മനസുകൊണ്ട് ഉറപ്പിക്കുന്ന രക്ഷിതാക്കൾ ഏറെയുണ്ട്. പ്രീപ്രൈമറിതലം തൊട്ടേ അതിനായി കുട്ടികളെ പാകപ്പെടുത്തുകയാണ്. മാതാപിതാക്കളുടെ ഇച്ഛ പൂർത്തീകരിക്കാൻ വിധിക്കപ്പെട്ട കുട്ടിയുടെ അഭിരുചിയോ പഠനശേഷിയോ പരിഗണിക്കപ്പെടുന്നേയില്ല. മുമ്പൊക്കെ പത്താംക്ലാസ് കഴിഞ്ഞുതുടങ്ങുന്ന എൻട്രൻസ് പരിശീലനം ഇപ്പോൾ യു.പി തലംതൊട്ടേ ആരംഭിക്കുന്നു. പത്താംക്ളാസ് കഴിഞ്ഞുള്ള രണ്ടുവർഷം ഡോക്ടർ മോഹമുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ഒടുങ്ങാത്ത പീഡാനുഭവങ്ങളുടെ നാളുകളായി മാറുകയാണ്. കുട്ടി നേരിടേണ്ടിവരുന്ന മാനസിക സമ്മർദ്ദവും ശാരീരിക ക്ളേശവും വളരെ വലുതാണ്. പിടിച്ചുനിൽക്കാൻ ത്രാണിയില്ലാത്ത കുട്ടികൾ ഇടയ്ക്കുവച്ച് മത്സര ഒാട്ടത്തിൽനിന്ന് പിൻവാങ്ങാൻ ശ്രമിച്ചാലും നടക്കണമെന്നില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദം അത്തരത്തിലായിരിക്കും. അതിസങ്കീർണമായ പ്രവേശന പരീക്ഷ ഭൂരിപക്ഷം കുട്ടികൾക്കും യഥാർത്ഥ 'പരീക്ഷ" തന്നെയായി മാറുമ്പോൾ നിരാശയും പഠനത്തോടുതന്നെ വിരക്തിയുമാകും ഫലം. സംവിധാനത്തിന്റെ പാകപ്പിഴകളിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. കുട്ടികളിൽ കുഞ്ഞുന്നാളിലേ ഡോക്ടർമോഹം കുത്തിവച്ച് അവരുടെ മനസിനെ ആ രൂപത്തിൽ പാകപ്പെടുത്തുന്ന രക്ഷാകർത്താക്കൾ എല്ലായിടത്തുമുണ്ട്. അവരെ ഇതിന് കുറ്റം പറയാനുമാകില്ല. സാമൂഹ്യ ചുറ്റുപാടുകൾ അത്തരത്തിലാണ്. അതേസമയംതന്നെ പരിശീലനം നൽകുന്നതിനൊപ്പം കുട്ടികളിൽ ആരോഗ്യകരമായ മാനസിക നില കൈവരുത്താൻകൂടി രക്ഷിതാക്കൾ ശ്രദ്ധ വച്ചാൽ പരീക്ഷാതോൽവിയുടെ മുന്നിലും പിടിച്ചുനിൽക്കാൻ കുട്ടികൾക്ക് സാധിക്കും. 'നീറ്റ് " തോൽവി ജീവിതത്തിന്റെതന്നെ അവസാനമാണെന്ന് ഒരുവിധത്തിലും തോന്നാത്തവിധമാകണം. കുട്ടിയോടുള്ള രക്ഷാകർത്താക്കളുടെ സമീപനം. പ്രവേശന പരീക്ഷയിലെ തോൽവിക്ക് കാരണങ്ങൾ പലതാകും. ബുദ്ധിയും ഗ്രഹണശേഷിയുമൊക്കെ ഒാരോ കുട്ടിയിലും വ്യത്യാസപ്പെട്ടിരിക്കും. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാൻ ശ്രമിക്കുന്നത് പാഴ്വേലയാകുമെന്നതുപോലെ പഠനമികവില്ലാത്ത കുട്ടികളുടെ തലയിൽ ഇത്തരം പഠനഭാരം കയറ്റിവയ്ക്കരുത്. ഉപരിപഠനത്തിന്റെ പാത അതിവിശാലമാണ്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇൗ യാഥാർത്ഥ്യം മനസിലാക്കണം.