ബാലരാമപുരം: മഴപെയ്താൽ മുട്ടൊപ്പം വെള്ളം പൊങ്ങുന്ന തകർന്ന തരിപ്പണമായ റോഡിലൂടെ യാത്രചെയ്ത് മടുത്ത നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്. കരമന -കളിയിക്കാവിള ദേശീയപാതയിൽ കരമന-കളിയിക്കാവിള ദേശീയപാതയിൽ ബൈറോഡായ മുടവൂർപ്പാറ –ദീലീപ് റോഡാണ് തകർന്നത്.കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിലെ വെള്ളക്കെട്ട് ഗതാഗതം മുടക്കി. കാൽനടയാത്രക്കാർക്ക് പോലും കടന്നുപോകാൻ കഴിയാത്തവിധം റോഡ് ചെളിക്കെട്ടായിമാറി.സ്വരജതി മ്യൂസിക് സ്കൂളിലേയും നിരവധി സർക്കാർ - സ്വകാര്യ സ്കൾ വാഹനങ്ങളും കടന്നു പോകുന്ന പ്രധാന റോഡുകൂടിയാണിത്.റോഡിൽ വെള്ളക്കെട്ടായതോടെ കാൽ നടപോലും ദു:സഹമാണ്. നിലവിൽ മൂന്ന് കിലോമീറ്ററോളം ഭാഗം ടാർ ഒലിച്ചുപോയ നിലയിലാണ്. പഞ്ചായത്തിന്റെ പരിമിതമായ ഫണ്ട് കൊണ്ട് റോഡ് നവീകരണം സാദ്ധ്യമല്ലെന്നാണ് മെമ്പർ പറയുന്നത്. ഗ്രാമീണമേഖലയിലെ മിക്കറോഡുകളും ചുരുങ്ങിയ കാലയളവിനുള്ളിൽ പൊട്ടിപ്പൊളിയുന്നത് നിത്യസംഭവമാണ്. ദീർഘകാല സുരക്ഷിതത്വം ഉറപ്പ് വരുത്തി ടാറിംഗിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
മുടവൂപ്പാറ –ദിലീപ് റോഡ് ദീർഘകാല സുരക്ഷിതത്വം ഉറപ്പ് വരുത്തി നവീകരിക്കണമെങ്കിൽ 25 ലക്ഷത്തോളം തുക വേണ്ടിവരും. ത്രിതല പഞ്ചായത്ത് സംവിധാനം ഒരുമിച്ച് നിന്നാൽ മാത്രമേ ഇത് സാദ്ധ്യമാകൂ.പഞ്ചായത്ത് –ബ്ലോക്ക് തലത്തിൽ നിന്നും 5 ലക്ഷം വീതവും ജില്ലാ പഞ്ചായത്തിൽ നിന്നും ബാക്കി തുകയും അനുവദിച്ചാൽ മാത്രമേ ടാറിംഗ് മികച്ച രീതിയിൽ ചെയ്യാൻ കഴിയുകയുള്ളൂ. നേരത്തെ സ്ഥലം എം.എൽ.എയോട് റോഡ് നവീകരിക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും വാർഷിക ഫണ്ടിന്റെ അപര്യാപ്തമൂലം പ്രസ്തുത റോഡ് നവീകരിക്കാനായിട്ടില്ല.
മുടവൂർപ്പാറ –ദീലിപ് റോഡിൽ റോഡ് ടാറിംഗിനോടൊപ്പം ഓട പണിയുന്നതിലേക്കായി റോഡിനിരുവശത്ത് നിന്നും സ്വകാര്യവ്യക്തികൾ സ്ഥലം വിട്ടുനൽകണമെന്നാണ് ജനപ്രതിനിധികളും പഞ്ചായത്ത് റവന്യൂവിഭാഗവും ആവശ്യപ്പെടുന്നത്. ഓട പണിതാൽ മാത്രമേ റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ. ഇതിനായി നാട്ടുകാരുടെ സഹായത്തോടെ അസി.എൻജിനീയർ സ്ഥലം സന്ദർശിച്ച് ഓടയ്ക്ക് വേണ്ടിയുള്ള സ്ഥലം കണ്ടെത്തി പഞ്ചായത്തിനും ബന്ധപ്പെട്ട റവന്യൂവകുപ്പിനും കൈമാറണം. സ്ഥലം വിട്ടുനൽകിയാൽ എം.പിയുടെ മേൽ സമ്മർദ്ധം ചെലുത്തി കൂടുതൽ ഫണ്ട് അനുവദിപ്പിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും പ്രതീക്ഷ.