തിരുവനന്തപുരം: ദുബായിയിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ബി.ജെ.പി ആഫീസിലെ സ്വീകരണത്തിന് ശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥർ ഇടപെടുന്നുണ്ട്. പരിക്ക് പറ്റിയവരുടെ ചികിത്സ തുടരുകയാണെന്നും പരിക്ക് പറ്റിയവരുടെ വിവരങ്ങൾ അറിയുന്നതിനായി ദുബായിയിൽ കൺട്രോൾ റൂം തുറന്നതായും മന്ത്രി പറഞ്ഞു. നമ്പർ: 00971565463903.

കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസഹായം നൽകാൻ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്സവകാലഘട്ടങ്ങളിലെ വിമാനക്കൂലി വർദ്ധനയ്ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി ചർച്ച നടത്തി. വിദേശത്തുനിന്നു മൃതദേഹം നാട്ടിലെത്തിക്കാൻ തൂക്കം നോക്കി വില നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്ന കാര്യവും ചർച്ചയിൽ ഉന്നയിച്ചു. പരിഹാരം കണ്ടെത്തുന്നതിനായി സെക്രട്ടറിമാരെ കൂടി ഉൾപ്പെടുത്തി. അടിയന്തരയോഗം വിളിക്കുമെന്ന് വ്യോമയാന മന്ത്രി ഉറപ്പു നൽകിയതായും വി. മുരളീധരൻ പറഞ്ഞു.