ഒരു സന്ദർശകൻ. വളരെ പരിചയമുള്ള ആൾ. നാരായണഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ളയാൾ. കൂട്ടത്തിൽ ഇവിടെയും വരും. അദ്ദേഹം പറയുന്നു. "ഗുരു പ്രതിഷ്ഠിച്ച ഒരു ക്ഷേത്രത്തിൽ ചെല്ലുമ്പോൾ കാണുന്നത്, അവിടെ പൂജയ്ക്ക് വച്ച പേന വിൽക്കുന്നതാണ്. 'പൂജയ്ക്കു വച്ച പേന 50 രൂപ " എന്ന് അവിടെ എഴുതിവച്ചിട്ടുമുണ്ട്. മറ്റൊരിടത്ത് ഹോമം നടക്കുന്നു. അവിടെ സമർപ്പിക്കാനായി ചെറുചാക്കുകളിൽ കെട്ടിയ അരി കൗണ്ടറിൽ വച്ചിരിക്കുന്നു. അത് വിലയ്ക്കുവാങ്ങി ആളുകൾ യജ്ഞവേദിയിൽ സമർപ്പിക്കുന്നു. ഇൗ അരി അന്നദാനപ്പുരയിൽ എത്തുമെന്നാണ് വിശ്വാസികളെ ധരിപ്പിച്ചിരിക്കുന്നത്. പക്ഷേ പ്രവർത്തകർ അത് തിരികെ എടുത്ത് കൗണ്ടറിൽ എത്തിക്കുന്നു. അങ്ങനെ അത് പണപ്പുരയിലെത്തുന്നു. അത് അർപ്പണത്തിനുവേണ്ടി പുതിയ ആളുകൾക്ക് വീണ്ടും വിൽക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഇനി അങ്ങോട്ടു പോകാതിരിക്കാനാണ് തോന്നുന്നത്. "
''എന്തുചെയ്യാനാണ് ? കാലം അങ്ങനെയാണ്. വിശ്വാസം ജീവിതത്തിൽ ആവശ്യമായി വരുന്നത് മനുഷ്യനെ അജ്ഞാതവും അജ്ഞേയവുമായ പ്രപഞ്ചസത്യത്തോടും ദൈവത്തോടും ഇണക്കി നിറുത്താൻ സഹായിക്കുന്ന രംഗത്താണ്. ആ വിശ്വാസം ഇപ്പോൾ മനുഷ്യനെ ആ പ്രപഞ്ചസത്യത്തോട് അടുപ്പിക്കുന്നതിനു പകരം, അവൻ കൃത്രിമമായുണ്ടാക്കിയ പണത്തിനോടാണ് അടുപ്പിക്കുന്നത്. ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ക്ഷേത്രങ്ങളും മനുഷ്യനെ സഹായിക്കേണ്ടത് പ്രകൃതിയോടും ദൈവത്തോടും മനുഷ്യനെ അടുപ്പിക്കാനാണ്. അത്തരം കേന്ദ്രങ്ങൾ ഇപ്പോൾ മനുഷ്യനെ അടുപ്പിക്കുന്നത് പണത്തിനോടാണ്. അതോടൊപ്പം ആ കേന്ദ്രങ്ങൾ സ്വധർമ്മം മറന്ന്, പണത്തിൽ മാത്രം താത്പര്യമുള്ളവയായി മാറിയിരിക്കുന്നു.
'തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രപോലും ഇപ്പോൾ തീർത്ഥാടന ടൂറിസമായി മാറിയിരിക്കുന്നു. തീർത്ഥാടനം ഒരുകാലത്ത് കായക്ളേശം നിറഞ്ഞതായിരുന്നു. ഇപ്പോൾ അത് സുഖയാത്രയ്ക്കും പണക്കൊഴുപ്പ് കാണിക്കാനും ഉള്ള സന്ദർഭമായി അധഃപതിച്ചിരിക്കുന്നു. അങ്ങനെ മനുഷ്യൻ വിശ്വാസത്തിന്റെ പേരിൽ നടത്തുന്ന സമർപ്പണം പോലും വിശ്വാസക്കച്ചവടമായി മാറി. കലികാലവൈഭവം എന്നല്ലാതെ എന്തു പറയാൻ! "