കുഴിത്തുറ: നാഗർകോവിൽ ശ്‌മശാനത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ കണ്ട യുവാവിന്റെ മൃതദേഹം തിരുനെൽവേലി സമൂഹരംഗപുരം സ്വദേശി സർഗുണരാജന്റെ മകൻ റെസിയുടേതാണെന്ന് (34) തിരിച്ചറിഞ്ഞു. കൊലയാളികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ കൂട്ടുകാരായ കന്യാകുമാരി പരമാർത്ഥലിംഗപുരം അലിഖാന്റെ മകൻ ഫൈസൽ (25), നാഗർകോവിൽ സ്വദേശി കെദീശ്വരൻ (24), ശുചീന്ദ്രം സ്വദേശി പഴനി (26) എന്നിവരെയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് പൊലീസ് അറസ്റ്റുചെയ്‌തത്. കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത്: റെസി സുഹൃത്തായ കെദീശ്വരന്റെ വീട്ടിൽ പോകുന്നത് പതിവായിരുന്നു. ഭാര്യയും അഞ്ച് വയസുള്ള പെൺകുട്ടിയുമുള്ള റെസിക്ക് കെദീശ്വരന്റെ സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 5ന് വൈകിട്ട് പ്രതികളായ മൂന്ന് പേരും ചേർന്ന് റെസിയെ അയാളുടെ കാറിൽ രംഗപുരത്തിൽ നിന്നു ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് ഒപ്പം കൂട്ടുകയായിരുന്നു. വാക്കുതർക്കത്തിനിടെ കെദീശ്വരൻ തന്റെ കൈയിൽ കരുതിയ കത്തികൊണ്ട് റെസിയെ കുത്തുകയും രാത്രിയോടെ ശ്‌മശാനത്തിലെത്തിച്ച ശേഷം മൃതദേഹം കത്തിക്കുകയുമായിരുന്നു. റെസിയുടെ കാറ് നാഗർകോവിലിലെ ഓഡിറ്റോറിയത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. കാറിന്റെ ഉടമസ്ഥനായി നടത്തിയ തെരച്ചിലിലാണ് മരിച്ചത് റെസിയാണെന്ന് പൊലീസ് കണ്ടെത്തിയത്. കാർ ഉപേക്ഷിച്ച ഭാഗത്തെ സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് കന്യാകുമാരി എസ്.പി ശ്രീനാഥ് പറഞ്ഞു.