നെയ്യാറ്റിൻകര : ആറയൂർ വിനുവിന്റെ കൊലപാതക കേസിൽ റിമാൻഡിലായ നാലു പ്രതികളിൽ കസ്റ്റഡിയിൽ വാങ്ങിയ രണ്ടു പേരെ പൊലീസ് വിവിധ സ്ഥലങ്ങളെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതി ഷാജിയെയും രണ്ടം പ്രതി പല്ലൻ അനിയെയുമാണ് തെളിവെടുപ്പിനായി അന്വേഷണ സംഘം അഞ്ചു ദിവസത്തെക്കു കസ്റ്റഡിയിൽ വാങ്ങിയത്. സംഭവ ശേഷം ഇവർ ഒളിവിൽ പോയ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി തെളിവെടുപ്പ് നടപടികൾ പൂർത്തീകരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 20നാണ് ഷാജിയുടെ ആറയൂർ കടമ്പോട്ടുകോണം മേലേ പുത്തൻവീട്ടിൽ വച്ച് മദ്യം നൽകിയ ശേഷം വിനുവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി പറമ്പിൽ കുഴിച്ചുമൂടിയത്. സംഭവ ശേഷം ഒരു മാസത്തോളം ഇരുവരും തമിഴ്നാട്ടിലുൾപ്പടെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നു. വിനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പത്തു വർഷങ്ങൾക്ക് മുമ്പ് പിതാവ് കൃഷ്ണനെ കൊന്നതും പ്രധാന പ്രതി ഷാജിയാണെന്ന് തെളിഞ്ഞിരുന്നു. ഷാജിയുടെ പിതാവ് കൃഷ്ണന്റെ കൊലപാതകത്തെ കുറിച്ച് മറ്റെരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ തിരുമാനം. ഇരുവരേയും ഒളിവിൽ കഴിയാൻ സഹായിച്ചവരെയും ഉൾപ്പെടുത്തിയാകും അന്വേഷണ സംഘം കുറ്റ പത്രം തയ്യാറാക്കുക.