തിരുവനന്തപുരം: കേന്ദ്രവിദേശകാര്യ സഹമന്ത്രി പദവി ഏറ്റശേഷം ആദ്യമായി കേരളത്തിൽ എത്തിയ ബി.ജെ.പി നേതാവ് വി. മുരളീധരന് പ്രവർത്തകർ ആവേശോജ്ജ്വല വരവേല്പ് നൽകി.
ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ ഡൽഹിയിൽ നിന്ന് എത്തിയ കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറ് കണക്കിന് പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ജെ.ആർ. പദ്മകുമാർ, കരമന ജയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൂറ്റൻ താമര ഹാരവും പുഷ്പകിരീടവും ഉടവാളും നൽകിയാണ് വരവേറ്റത്. ഷാളുകളും ബൊക്കെയും മാലയുമായി പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ അദ്ദേഹത്തെ പൊതിഞ്ഞു. പിന്നീട് 45-ാം നമ്പർ സ്റ്റേറ്റ് കാറിൽ നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ഇൗഞ്ചയ്ക്കൽ വഴി പഴവങ്ങാടി ഗണപതിക്ഷേത്രത്തിലേക്ക് തിരിച്ച കേന്ദ്രമന്ത്രിയെ അഭിവാദ്യം ചെയ്യാൻ പാതയോരങ്ങളിലും പ്രവർത്തകർ കാത്തുനിന്നു. ക്ഷേത്രത്തിൽ നാളികേരമുടച്ച ശേഷം തുറന്നവാഹനത്തിൽ സംസ്ഥാന കമ്മിറ്റി ആഫീസിലേക്ക് പോയി. എം.ജി റോഡിലൂടെ വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കുന്നുകുഴിയിലെ പാർട്ടി ആഫീസിലെത്തി. അവിടെ രാവിലെ മുതൽ പ്രവർത്തകർ കാത്തുനിൽക്കുകയായിരുന്നു. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ എം.എൽ.എ, പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർ വി. മുരളീധരനെ ആഫീസിലേക്ക് ആനയിച്ചു. മാദ്ധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം പ്രവർത്തകരുമായി സംസാരിച്ചു.
ഉള്ളൂരിലെ വീട്ടിലും തൈക്കാട് അയ്യാഗുരു സ്മാരകത്തിലും സുഗതകുമാരിയുടെ വീട്ടിലും പോയ അദ്ദേഹം സംസ്‌കൃതിഭവനിൽ വിശ്രമിക്കുന്ന ഭാരതീയ വിചാരകേന്ദ്രം മുൻ ഡയറക്ടർ പി. പരമേശ്വരനെയും സന്ദർശിച്ചു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിച്ച അദ്ദേഹം പേട്ടയിൽ കേരളകൗമുദി അങ്കണത്തിൽ പത്രാധിപർ കെ. സുകുമാരന്റെ സ്‌മൃതികുടീരം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയിലും കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി പ്രതിമയിലും അദ്ദേഹം പുഷ്പാർച്ചന നടത്തി.
വൈകിട്ട് ഏഴുമണിക്ക് വിമാനത്തിൽ കൊച്ചിയിലേക്ക് പോയി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂർ സന്ദർശനവുമായി ബന്ധപ്പെട്ടാണ് വി. മുരളീധരൻ തിരക്കിട്ട് കേരളത്തിലെത്തിയത്. നാളെ ഡൽഹിക്ക് മടങ്ങുന്ന അദ്ദേഹത്തിന് തൃശൂരിലും കോഴിക്കോട്ട് റെയിൽവേ സ്റ്റേഷനിലും പ്രവർത്തക സ്വീകരണവും ചേംബർ ഒഫ് കൊമേഴ്സിന്റെ പൗരസ്വീകരണവും ഒരുക്കിയിട്ടുണ്ട്.