കല്ലമ്പലം : ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലത്തിനു സമീപം ബാറിനുമുന്നിൽ ഇന്നോവ കാറിടിച്ച് കോൺഗ്രസ് പ്രവർത്തക൯ മരിച്ചു. കല്ലമ്പലം കീഴൂർ കുന്നത്ത് കിഴക്കതിൽ പുത്ത൯ വീട്ടിൽ പരേതനായ ആർ . ഗോപാലകൃഷ്ണക്കുറുപ്പിന്റെയും ഭവാനിഅമ്മയുടെയും മകനും അവിവാഹിതനുമായ മുരളീധരക്കുറുപ്പ് (58 ) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. റോഡ് മറികടക്കവേ കൊല്ലം ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങി കാറിന്റെ ഗ്ലാസിൽ വീണ മുരളീധരനെ ഗുരുതര പരിക്കുകളോടെ അതേ വാഹനത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശൂപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.രാത്രി 11.30 ന് മരിച്ചു. മൃതദേഹം സഹോദരി ഗീതാകുമാരി അമ്മയുടെ വീടായ കീഴൂർ കുഴിവിള പുത്ത൯ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മറ്റ് സഹോദരങ്ങൾ : രാജേന്ദ്രക്കുറുപ്പ്, രാധാകൃഷ്ണക്കുറുപ്പ്, വിജയകുമാരക്കുറുപ്പ് (ഉണ്ണിമായ ), പരേതരായ ജലാധരക്കുറുപ്പ്, രവീന്ദ്രക്കുറുപ്പ്, അനിൽകുമാർ. അപകടമരണങ്ങൾ തുടർക്കഥയാവുകയാണ് കല്ലമ്പലത്ത് . രണ്ട് ദിവസം മുമ്പാണ് ആഴാംകോണം ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് ചെക്കിംഗ് ഇ൯സ്പെക്ടർ നെടുംപറമ്പ് സ്വദേശി അനിൽകുമാർ മരിച്ചതും. നാല് പേർക്ക് പരിക്കേറ്റതും.
മുരളീധരക്കുറുപ്പ്