2

വിഴിഞ്ഞം: ശ്രീലങ്കൻ തീരത്ത് വച്ച് ഇന്ധനം തീർന്ന പായ്‌ക്കപ്പൽ സാഹസികമായി വിഴിഞ്ഞത്ത് അടുപ്പിച്ചു. ആറു യാത്രക്കാരുമായി ചെന്നൈയിൽ നിന്നും ഗോവയിലേക്ക് പോയ പായ്ക്കപ്പലാണ് ഇന്ധനം തീർന്നതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം വാർഫിൽ അടുപ്പിച്ചത്. ചെന്നൈയിലെ അൾട്രാ മറൈൻ എന്ന കമ്പനി നേവിക്കായി നിർമ്മിച്ച ഐ.എൻ.എസ്.വി ഹരിയൽ എന്ന പായ്‌ക്കപ്പലാണിത്. ബാലമുരുക ഷണ്മുഖം, കണ്ണൻ, മുത്തുവേൽ, ആനന്ദ്, ലിങ്കേഷ്, ഗജാപതി എന്നി കമ്പനി ജീവനക്കാരാണ് പായ്ക്കപ്പലിൽ ഉണ്ടായിരുന്നത്. ഇവർ തമിഴ്നാട് പോണ്ടിച്ചേരി സ്വദേശികളാണ്. മേയ് 31ന് യാത്ര തിരിച്ച പായ്ക്കപ്പൽ ഇന്നലെ ഗോവയിൽ എത്തേണ്ടതായിരുന്നു. നേവിക്കായി ഇവർ നിർമ്മിച്ചു നൽകുന്ന നാലാമത്തെ പായ്ക്കപ്പലാണിത്. ചെന്നൈയിൽ നിന്നും യാത്ര തിരിച്ച് ശ്രീലങ്കൻ തീരത്ത് എത്തിയപ്പോൾ ഇന്ധനം തീർന്നു. നടുക്കടലിലായ ഇവർ കാറ്റ് ശമിക്കുന്ന സമയത്ത് പായ വിരിച്ച് ഓടിച്ചുവരികയായിരുന്നു. ശ്രീലങ്കൻ തീരം വിട്ടതോടുകൂടി വിഴിഞ്ഞത്തെ തുറമുഖ വകുപ്പിന്റെ അനുമതി തേടി ഇവിടെ അടുപ്പിക്കുകയായിരുന്നു. ഇതിനിടെ കണ്ണൻ, ബാലമുരുക ഷണ്മുഖം എന്നിവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വിഴിഞ്ഞത്ത് ഇവർ യാത്ര അവസാനിപ്പിച്ചു. തീരത്ത് അടുപ്പിച്ച പായ്‌ക്കപ്പലിൽ കോസ്റ്റ് ഗാർഡ് പരിശോധന നടത്തി. വിഴിഞ്ഞത്തുനിന്ന് ഇന്ധനം നിറച്ച ശേഷം പായ്ക്കപ്പൽ ഗോവയിലേക്ക് പോകും.