ആറ്റിങ്ങൽ: വട്ടപ്പാറ സുശീല വധക്കേസിലെ പ്രതികൾ പിടിയിൽ. വട്ടപ്പാറ മുളങ്കാട് പന്നിയോട് പഞ്ചമി ക്ഷേത്രത്തിന് സമീപ താമസക്കാരായ സജന ഭവനിൽ കണ്ണൻ എന്നുവിളിക്കുന്ന സാജൻ( 25), എം.സി നിവാസിൽ ചങ്കരൻ എന്നു വിളിക്കുന്ന സന്ദീപ് (19) എന്നിവരാണ് പടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പത്ര സമ്മേളനം നടത്തിയാണ് പ്രതികളുടെ വിവരം പുറത്തു വിട്ടത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഫെയ്‌മസ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏപ്രിൽ 9 നാണ് സുശീലയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ദേഹത്തും തറയിലും മുളകുപൊടി വിതറിയതും ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടമായതും വീട്ടിലുണ്ടായിരുന്ന പണം നഷ്ടമായതും ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. സാധാരണ നിലയിൽ സുശീല രാത്രി 7.30 ന് കട അടയ്ക്കാറാണ് പതിവ്. അതിനു ശേഷം പരിചയമുള്ളവർക്കല്ലാതെ വീട്ടിൽ പ്രവേശിക്കാൻ സാധിക്കില്ല. അത് മനസിലാക്കി പ്രദേശ വാസികളെ ചുറ്റി പറ്റിയാണ് അന്വേഷണം പുരോഗമിച്ചത്. എന്നാൽ തിരഞ്ഞെടുപ്പടുത്തതോടെ അന്വേഷണത്തിൽ കാലതാമസം നേരിട്ടത് നാട്ടുകാരെ പ്രകോപിപ്പിച്ചു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചതോടെ സൗത്ത് സോൺ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരം അന്വേഷണ ചുമതല ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് കൈമാറുകയായിരുന്നു. സുശീലയുടെ മരണം പൊലീസ് അറിയുന്നതിന് മുൻപ് നാട്ടുകാരിൽ ചിലർ അറിഞ്ഞിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചത് അന്വേഷണത്തിൽ നിർണായകമായി. ഈ അന്വേഷണം സമീപ വാസിയായ സന്ദീപിലേക്ക് എത്തി. ഇയാളെ ചോദ്യം ചെയ്തതോടെ സാജനും പിടിയിലായി. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പ്രതികളെ മങ്കി ക്യാപ്പ് ധരിപ്പിച്ചാണ് സ്റ്റേഷനിൽ എത്തിച്ചത്. വട്ടപ്പാറ സി.ഐ ബിജുലാൽ, പോത്തൻകോട് സി.ഐ ദേവരാജൻ, വട്ടപ്പാറ എസ്.ഐ ലിബി, എസ്.ഐ മാരായ നിസാം, ശശിധരൻ, മധുസൂദനൻ, മോഹനൻ, എ.എസ്.ഐമാരായ വിനോദ്, ബിജു. ഫിറോസ് ഖാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതിഷ്, മനോജ്, അനിൽ, ബൈജു, ഷംനാദ്, അൽബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒന്നാം പ്രതിയായ സാജന് പന്നിയോട് പഞ്ചിമി ക്ഷേത്രത്തിലെ ഉത്സവത്തിനു മുൻപ് ആഡംബര ബൈക്കായ ബെൻലി വാങ്ങുന്നതിനും രണ്ടാം പ്രതിയായ സന്ദീപിന് അപകടം പറ്റി ചികിത്സ നടത്തിയ വകയിൽ 4 ലക്ഷം രൂപയുടെ കടം വീട്ടുന്നതിനുമാണ് ഇവർ കൊലപാതകവും കവർച്ചയും പ്ലാൻ ചെയ്തത്. ഇരുവരും മയക്കു മരുന്നിന് അടിമകളായിരുന്നു. സുശീല പണം പലിശയ്ക്കു കൊടുക്കുന്ന സ്ത്രീയായിരുന്നു. ഇവരിൽ നിന്ന് മുൻപ് സാജൻ 20,000 രൂപ കടം വാങ്ങിയത് തിരികെ ചോദിച്ചതിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. സന്ദീപ് സുശീലയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ തുക ചേദിച്ചതിലും വിരോധം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ സന്ദീപ് സുശീലയുടെ കടയുടെ ജനൽ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചിരുന്നു.
ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചിട്ടും ബൈക്ക് വാങ്ങാനാവാത്ത നിരാശയിലായിരുന്ന സാജനും സന്ദീപും ഏപ്രിൽ 6ന് വൈകിട്ട് ഒന്നിച്ചു ചേർന്ന് മദ്യപിച്ചിരിക്കുമ്പോഴാണ് സുശീലയിൽ നിന്ന് പണം അപഹരിക്കുന്ന കാര്യം പ്ലാൻ ചെയ്തത്. രാത്രി 9.30 മണിയോടെ കടയിലെത്തി സുശീലയോട് ജീരക സോഡ ആവശ്യപ്പെട്ടു. ഉത്സവ ദിവസമായതിനാൽ അന്ന് വൈകിയും കട തുറന്നിരുന്നു. സോഡ എടുക്കാനായി വീട്ടിനുള്ളിലേക്കു പോയ സുശീലയെ ഇരുവരും പിന്നാലെ ചെന്ന് പിടികൂടി വായ പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയ ശേഷം സാരി ഉപയോഗിച്ച് കഴുത്തിൽ വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും കവരുകയും തെളിവു നശിപ്പിക്കാനായി സാരി സമീപത്തെ പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞ് മുറി പൂട്ടി താക്കോൽ ദൂരേക്ക് എറിയുകയുമായിരുന്നു. സാജൻ സ്വർണം വിറ്റ് സെക്കന്റ് ഹാൻഡ് ബെൻലി ബൈക്ക് വാങ്ങുകയും കുറച്ചു പണം സന്ദീപിന് നൽകുകയും ചെയ്തു. പൊലീസിന്റെ അന്വേഷണം തന്റെ നേർക്കി തിരഞ്ഞതറിഞ്ഞ് സാജൻ കിടപ്പുമുറിയിലെ ഫാനിൽ ഹൂക്ക് ഇടുകയും തന്റെ മരണത്തിന് ഉത്തരവാദി ആറ്റിങ്ങൽ ഡി.വൈ.എസ്.പിയാണെന്ന് എഴുതി വയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആസൂത്രിതമായി ഇയാളെ പിടികൂടിയത്. സുശീലയുടെ പക്കലുണ്ടായിരുന്ന 9 പവൻ സ്വർണവും 35,000 രൂപയുമാണ് ഇവർ കവർന്നത്. സാജനെതിരെ എക്സൈസ് കേസും നിലവിലുണ്ട്.