പ്രകാശൻ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും
മാദ്ധ്യമങ്ങളോട് മൊഴിമാറ്റി ജ്യൂസ് കടയുടമ
തിരുവനന്തപുരം: തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയിൽ ബാലഭാസ്കറും ഡ്രൈവർ അർജുനും ജ്യൂസ് കുടിക്കുന്ന കാമറാ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പ്രകാശൻ തമ്പി കൈക്കലാക്കി പരിശോധിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതോടെ അപകടമരണത്തിലെ ദുരൂഹത ഒന്നുകൂടി കനത്തു.
ജ്യൂസ് കടയുടമ ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങൾ ശേഖരിച്ചതെന്നാണ് പ്രകാശൻ തമ്പി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. സ്വർണക്കടത്തു കേസിൽ ഒളിവിൽ പോകും മുമ്പായിരുന്നു മൊഴി നൽകിയത്. റിമാൻഡിലുള്ള പ്രകാശൻ തമ്പിയെ ഇന്ന് കൊച്ചിയിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ആദ്യ അന്വേഷണം നടക്കവെയാണ് പ്രകാശൻ കൊല്ലത്തെ കടയിൽ നിന്ന് സി.സി ടിവിയുടെ ഹാർഡ് ഡിസ്ക് കൈക്കലാക്കിയത്. കാറോടിച്ചത് അർജുനാണെന്ന് ബാലുവിന്റെ ഭാര്യയും ബാലുവാണ് വണ്ടിയോടിച്ചതെന്ന് അർജുനും മൊഴി നൽകിയിരിക്കേ, ഇതിലേതാണ് ശരിയെന്ന് അറിയാനാണ് താൻ പരിശോധന നടത്തിയത്. ഹാർഡ് ഡിസ്‌കിൽ നിന്ന് ഒന്നും ലഭിച്ചില്ല. തുടർന്ന് തിരിച്ചേല്പിച്ചെന്നാണ് ക്രൈംബ്രാഞ്ചിനോട് പ്രകാശൻ തമ്പി വെളിപ്പെടുത്തിയത്. ബാലുവിന്റെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ജ്യൂസ് കടയിലെ ഹാർഡ് ഡിസ്ക് ഫോറൻസിക് സയൻസ് ലാബിൽ ക്രൈംബ്രാഞ്ച് പരിശോധനയ്ക്കയച്ചു.
അതിനിടെ, പ്രകാശൻ തമ്പി ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്‌ണന് നേരത്തേ മൊഴി നൽകിയ ജ്യൂസ് കടയുടമ ഷംനാദ് ഇന്നലെ മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ ഇക്കാര്യം നിഷേധിച്ചു. പ്രകാശൻ തമ്പിയെ അറിയില്ലെന്നും അങ്ങനൊരാൾ കടയിൽ വന്നിട്ടില്ലെന്നും പൊലീസാണ് ഹാർഡ് ഡിസ്ക് കൊണ്ടുപോയതെന്നും ഷംനാദ് മൊഴി മാറ്റുകയായിരുന്നു. സ്വർണക്കടത്തു കേസിൽ പ്രതിയാണ് പ്രകാശൻ എന്നറിഞ്ഞതോടെ ഭയന്നാണ് ജ്യൂസ് കടയുടമ മൊഴിമാറ്റിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
തിടുക്കം ദുരൂഹം
പൊലീസ് അന്വേഷണത്തിനിടെ പ്രകാശൻ തമ്പി ഹാർഡ് ഡിസ്ക് കൈക്കലാക്കിയത് ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. തമ്പിയുടെ തിടുക്കം സംശയകരമാണ്. പൊലീസ് അന്വേഷണം അട്ടിമറിക്കാനോ തെളിവ് നശിപ്പിക്കാനോ തമ്പി ശ്രമിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. തമ്പി തിരികെയെത്തിച്ച ഹാർഡ് ഡിസ്ക് യഥാർത്ഥത്തിലുള്ളതാണോ എന്നും അന്വേഷിക്കും.