തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്നലെ കേരളകൗമുദി ഒാഫീസ് സന്ദർശിച്ചു. പേട്ടയിലെ കൗമുദി ആസ്ഥാനത്ത് എത്തിയ കേന്ദ്രമന്ത്രിയെ ചീഫ് എഡിറ്റർ ദീപുരവി, കൗമുദി ടിവി ബ്രോഡ് കാസ്റ്റിംഗ് ഹെഡ് എ.സി. റെജി, ചീഫ് ന്യൂസ് എഡിറ്റർ എ.ആർ. രാജീവ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

പത്രാധിപർ കെ. സുകുമാരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മുതിർന്ന പത്രാധിപ സമിതി അംഗങ്ങളുമായി ആശയവിനിമയം നടത്തി.

വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സംസ്ഥാന സന്ദർശനത്തിനിടയിലാണ് അദ്ദേഹം കേരളകൗമുദിയിലെത്തിയത്. വിദേശകാര്യസഹമന്ത്രിയെന്ന നിലയിൽ ആദ്യ വിദേശയാത്ര 12,13 തീയതികളിൽ നൈജീരിയയിലേക്കാണെന്ന് മുരളീധരൻ പറഞ്ഞു. അവിടെ പുതിയ സർക്കാർ അധികാരമേൽക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ഡെമോക്രസി ഫെസ്റ്റിവലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധിയായാണ് മുരളീധരൻ പങ്കെടുക്കുന്നത്. 14ന് നടത്തുന്ന ദുബായ് സന്ദർശനംത്തിൽ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തും.

ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജെ.ആർ. അനുരാജ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരൻ തുടങ്ങിയവർ കേന്ദ്രമന്ത്രിയെ അനുഗമിച്ചു.