തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിൽ പുതിയ നിയമസഭാകക്ഷി നേതാവിനെ ഈ മാസം ഒമ്പതിനകം തിരഞ്ഞെടുത്തറിയിക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നിയമസഭാകക്ഷിയോഗം ചേരാനുള്ള നീക്കം പാർട്ടിയിൽ ഇതുവരെയില്ല. പാർട്ടിയുടെ അഞ്ച് നിയമസഭാംഗങ്ങളിൽ റോഷി അഗസ്റ്റിനും ഡോ.എൻ. ജയരാജും ജോസ് കെ.മാണി പക്ഷത്തും പി.ജെ. ജോസഫും മോൻസ് ജോസഫും മറുപക്ഷത്തുമായി ചേരിതിരിഞ്ഞ് നിൽക്കുന്നതാണ് യോഗം വിളിക്കുന്നത് അനിശ്ചിതത്വത്തിലാക്കുന്നത്. സി.എഫ്. തോമസ് നിഷ്പക്ഷനിലപാടിലാണ്. പത്തിന് നിയമസഭാസമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് തീരുമാനമെടുത്തറിയിച്ചില്ലെങ്കിൽ പ്രതിപക്ഷ കക്ഷിനേതാക്കളുടെ മുൻനിരയിൽ മാണിഗ്രൂപ്പ് നേതാവായി പി.ജെ. ജോസഫ് തുടരും.

കെ.എം. മാണി അന്തരിച്ചതിനെ തുടർന്ന് നിയമസഭാകക്ഷി ഉപനേതാവ് എന്ന നിലയിലാണ് പി.ജെ. ജോസഫിന് മുൻനിരയിലെ ഇരിപ്പിടം അനുവദിച്ചത്. ഇക്കാര്യം അഭ്യർത്ഥിച്ച് പാർട്ടിയുടെ നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതിനെ മറുവിഭാഗം ചോദ്യം ചെയ്തെങ്കിലും മുൻനിരയിലെ സീറ്റ് ഒഴിച്ചിടാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതേത്തുടർന്നാണ് ഒമ്പതിനകം പുതിയ നേതാവിനെ തിരഞ്ഞെടുത്തറിയിക്കാൻ സ്പീക്കർ നിർദ്ദേശിച്ചത്.