തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സി.ബി.ഐ.അന്വേഷണം നടത്തുന്നതിന് സഹായം തേടി ബന്ധുക്കൾ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരനെ സമീപിച്ചു. ഇന്നലെ കേരളകൗമുദി അങ്കണത്തിലെത്തിയ കേന്ദ്രമന്ത്രിയെ ബാലഭാസ്ക്കറിന്റെബന്ധു പ്രിയവേണുഗോപാൽ വന്ന് കാണുകയായിരുന്നു.ബാലഭാസ്ക്കറിന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ സംശയമുണ്ടായിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമായിരുന്നില്ല. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തുവെങ്കിലും കാര്യമായ പുരോഗതി കാണുന്നില്ല. ഇപ്പോൾ സ്വർണ്ണകടത്തുമായി മരണത്തിന് ബന്ധമുണ്ടോയെന്ന സംശയവും ഉയർന്നു. മാത്രമല്ല ഇതിൽ പാക്ക് ബന്ധം കൂടി വെളിപ്പെട്ടതോടെ മരണത്തിലെ ദുരൂഹത വർദ്ധിച്ചിരിക്കുകയാണ്. വ്യക്തമായ അന്വേഷണം നടത്തുന്ന സാഹചര്യമൊരുക്കാൻ സഹായം നൽകണമെന്നും അവർ മന്ത്രിയോട് അഭ്യർത്ഥിച്ചു. കാര്യങ്ങൾ പരിശോധിക്കാമെന്നും സഹായിക്കാൻ ശ്രമിക്കാമെന്നും കേന്ദ്രമന്ത്രി മറുപടി നൽകി.