kerala-police

തിരുവനന്തപുരം: അധികാരം കവരുന്നതിൽ പ്രതിഷേധിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥർ എതിർത്തതോടെ തിരുവനന്തപുരത്തും കൊച്ചിയിലും മെട്രോപൊളിറ്റൻ പൊലീസ് കമ്മിഷണറേറ്റ് രൂപീകരിച്ച് ഉത്തരവിറക്കാൻ സർക്കാരിനായില്ല. വിജ്ഞാപനം എപ്പോൾ ഇറക്കാനാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നായിരുന്നു മുഖ്യമന്ത്റിയുടെ ഓഫീസിന്റെ വിശദീകരണം.

നിലവിൽ കളക്ടറിൽ നിക്ഷിപ്തമായ മജിസ്റ്റീരിയൽ അധികാരങ്ങൾ ഐ.പി.എസുകാർക്ക് നൽകുന്നതിലാണ് ഐ.എ.എസുകാരുടെ എതിർപ്പ്. വ്യാഴാഴ്ച അർദ്ധരാത്രി രണ്ട് നഗരങ്ങളിലും ഐ.ജിമാരെ സിറ്റി പൊലീസ് കമ്മിഷണർ തസ്തികയിൽ നിയമിച്ച് ഉത്തരവിറക്കിയതിനു പിന്നാലെ, ഇന്നലെത്തന്നെ തിരുവനന്തപുരം കമ്മിഷണർ ചുമതലയേറ്റു. ആശയക്കുഴപ്പം കാരണം കൊച്ചി കമ്മിഷണർ ചുമതലയേറ്റില്ല.

കളക്ടറുടെ അനുമതിയില്ലാതെ, ആർക്കെതിരെയും ഗുണ്ടാനിയമം ചുമത്താനും ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാനും വെടിവയ്പിനുമൊക്കെ പൊലീസിന് അധികാരം നൽകുന്നത് പൊലീസ് രാജിനും ക്രമസമാധാന തകർച്ചയ്ക്കും ഇടയാക്കുമെന്നാണ് ഐ.എ.എസുകാരുടെ നിലപാട്. നേരത്തേ നിയമസെക്രട്ടറിയും കമ്മിഷണറേറ്റ് രൂപീകരണത്തിൽ സംശയമുന്നയിച്ചിരുന്നു.

ജസ്​റ്റിസ് കെ.ടി. തോമസ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് തിരുവനന്തപുരത്തും കൊച്ചിയിലും മെട്രോപൊളി​റ്റൻ കമ്മിഷണറേ​റ്റ് രൂപീകരിക്കാൻ തീരുമാനിച്ചത്. ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഈ നഗരങ്ങളിൽ മജിസ്​റ്റീരിയൽ അധികാരത്തോടെ കമ്മിഷണർമാരാകുമെന്നായിരുന്നു തീരുമാനം.

ക്രമസമാധാനം പാലിക്കാൻ അടിയന്തര ഘട്ടത്തിൽ വെടിവയ്ക്കാനുള്ള ഉത്തരവ് നൽകാൻ വരെ കമ്മിഷണർക്ക് അധികാരമുണ്ടാവും. സി.ആർ.പി.സി 129 പ്രകാരം ഇപ്പോൾതന്നെ മജിസ്ട്രേട്ടിന്റെ അസാന്നിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വെടിവയ്ക്കാൻ ഉത്തരവിടാനാകും. മജിസ്ട്രേട്ടിന്റെ അസാന്നിദ്ധ്യത്തിൽ വെടിവയ്പ് ഉത്തരവിടാനുള്ള അധികാരം മാത്രം നിലനിറുത്തി വിജ്ഞാപനമിറക്കാനാണ് ഐ.എ.എസ് നീക്കം.നിലവിലെ നിയമപ്രകാരം ഗുണ്ടാനിയമം (കാപ്പ) ചുമത്താനും കരുതൽ തടങ്കലിലാക്കാനുമുള്ള ഉത്തരവ് കളക്ടറാണ് പുറപ്പെടുവിക്കേണ്ടത്. മെട്രോപൊളിറ്റൻ കമ്മിഷണറേറ്റ് വരുന്നതോടെ കമ്മിഷണർക്ക് സ്വമേധയാ ഈ ഉത്തരവിറക്കാനാവും.

രാജ്യത്തെ 47 നഗരങ്ങളിൽ കമ്മിഷണറേ​റ്റ് സംവിധാനമുണ്ട്. ഐ.എ.എസ്- ഐ.പി.എസ് തർക്കം കാരണമാണ്, പൊലീസ് കമ്മിഷണറേറ്റ് സ്ഥാപിക്കാൻ 2013 ജനുവരിയിൽ മന്ത്രിസഭ തീരുമാനിച്ചിട്ടും ഇതുവരെ നടപ്പാക്കാനാവാത്തത്. ഇനി എപ്പോൾ നടക്കുമെന്ന് കണ്ടറിയണം.

ദിനേന്ദ്ര കശ്യപ് അവധിയിൽ

തിരുവനന്തപുരം കമ്മിഷണറായി നിയമിതനായ ഐ.ജി ദിനേന്ദ്ര കശ്യപ് ഇന്നലെ ചുമതലയേ​റ്റു. നേരത്തേ പൊലീസ് ആസ്ഥാനത്തെ ഐ.ജിയായിരുന്നു. കശ്യപ് 22 വരെ അവധിയിൽ പ്രവേശിച്ചു.