കഴക്കൂട്ടം: തോന്നയ്ക്കൽ പതിനാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ വൻതീപിടിത്തം. ഇന്നലെ രാവിലെ 9.30യോടെ ആശുപത്രിയിലെ കമ്പ്യൂട്ടറുകൾ ബന്ധിപ്പിച്ചിരിക്കുന്ന സെർവർ മുറിയിലാണ് തീ ആദ്യം കണ്ടത്. പിന്നീട് തീ ആളിപടർന്ന് സ്റ്റോർ റൂമിലേക്കും ആശുപത്രി ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്കും വ്യാപിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആറ്റിങ്ങൽ, വർക്കല, കഴക്കൂട്ടം ഫയർ സ്റ്റേഷനിൽ നിന്ന് നാലുയൂണിറ്റ് എത്തിയിരുന്നു. 30ഓളം ഫയർമാൻമാർ ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവസമയം രണ്ടുരോഗികളുടെ ബന്ധുക്കളായ ഫയർമാൻമാർ അവിടെയുണ്ടായിരുന്നു. അവരുടെ നേതൃത്വത്തിൽ സമീപത്തെ വാർഡുകളിലുണ്ടായിരുന്ന രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആശുപത്രി ഉപകരണങ്ങൾ കത്തിയുണ്ടായ വിഷപ്പുകയും ഫയർഫോഴ്സ് നിർവീര്യമാക്കി. തീപിടിത്തമടക്കം അത്യാഹിതമുണ്ടായാൽ നേരിടാൻ ആശുപത്രിയിൽ വേണ്ടത്ര മുൻകരുതലുകൾ ഇല്ലായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.