തിരുവനന്തപുരം: പൊലീസിലെ ഘടനാ മാറ്റം നിലവിൽ വന്നതോടെ, സംസ്ഥാനത്തെ ഉത്തര- ദക്ഷിണ മേഖലകളായി തിരിച്ച് രണ്ട് ഐ.ജിമാർക്ക് ചുമതല നൽകി. ഇരുവർക്കും ഏഴു വീതം ജില്ലകളുടെ ചുമതലയുണ്ടാകും.
സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഉത്തര-ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുടെ തസ്തിക ഇല്ലാതാക്കിയാണ് മേഖലാ ഐ.ജിമാരെ നിയമിച്ചത്. പകരം ക്രമസമാധാന പാലനത്തിന് മാത്രമായി സംസ്ഥാനമാകെ അധികാരമുള്ള ഒറ്റ എ.ഡി.ജി.പിയെ നിയമിച്ചു. ഉത്തരമേഖലാ എ.ഡി.ജി.പിയായിരുന്ന ഷേഖ് ദർവേഷ് സാഹിബിനെയാണ് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കിയത്.
സംസ്ഥാനത്തെ രണ്ടു മേഖലകൾക്കുമായി ഓരോ ഐ.ജിമാരുടെ തസ്തികയും സൃഷ്ടിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതലയാകും പുതുതായി രൂപീകരിക്കപ്പെട്ട ഉത്തരമേഖലാ ഐ.ജി തസ്തികയ്ക്ക് ഉണ്ടാകുക. തിരുവനന്തപുരം റേഞ്ച് ഐ.ജിയായിരുന്ന അശോക് യാദവിനാണ് ഈ ചുമതല നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളുടെ ചുമതലയാണ് ദക്ഷിണ മേഖലാ ഐ.ജിക്ക്. കണ്ണൂർ റേഞ്ച് ഐ.ജിയായിരുന്ന എം.ആർ അജിത്കുമാറിനെയാണ് ഈ തസ്തികയിൽ നിയമിച്ചത്. എന്നാൽ കമ്മിഷണറേറ്റുകൾ ഉൾപ്പെടുന്ന തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി എന്നിവയുടെ ചുമതല ഐ.ജിക്ക് ഉണ്ടാവില്ല.
നേരത്തേ റേഞ്ചുകളുടെ ചുമതല ഐ.ജിമാർക്കായിരുന്നുവെങ്കിൽ പുതിയ സംവിധാനത്തിൽ നാലു റേഞ്ചുകളുടെ ചുമതല ഡി.ഐ.ജിമാർക്ക് നൽകും. പൊലീസ് ഘടനാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ചിരുന്ന റിപ്പോർട്ടിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപു മന്ത്റിസഭ അംഗീകാരം നൽകിയിരുന്നു. തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിച്ചതോടെ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുകയായിരുന്നു. നേരത്തേ റേഞ്ചുകളുടെ ചുമതല ഐ.ജിമാർക്കായിരുന്നുവെങ്കിൽ ഇപ്പോഴത് ഡി.ഐ.ജിമാർക്ക് നൽകി. കണ്ണൂരിൽ കെ. സേതുരാമനും തൃശൂരിൽ എസ്. സുരേന്ദ്രനും എറണാകുളത്ത് കാളിരാജ് മഹേഷ് കുമാറും തിരുവനന്തപുരത്ത് സഞ്ജയ് കുമാർ ഗുരുദിനും റേഞ്ചുകളുടെ ചുമതല വഹിക്കും. ക്രമസമാധാന പാലനത്തിനു മാത്രമായി സംസ്ഥാനത്ത് ഒരു എ.ഡി.ജി.പിയുടെ തസ്തിക സൃഷ്ടിച്ചുവെങ്കിലും പൊലീസ് ആസ്ഥാനത്തേത് അടക്കുമുള്ള എ.ഡി.ജി.പി തസ്തികകളിൽ മാറ്റം വരുത്തിയിട്ടുമില്ല. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഡി.ജിപി സോഷ്യൽ പൊലീസിംഗ് ആൻഡ് ട്രാഫിക് എന്നൊരു തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. ജയിൽ മേധാവിയായിരുന്ന ആർ. ശ്രീലേഖയെ ഈ തസ്തികയിൽ നിയമിച്ചു.