തിരുവനന്തപുരം:കഴിഞ്ഞവർഷം ദുരന്തം വിതച്ച പ്രളയാനുഭവത്തിൽ കേരളം ഇക്കുറി കാലവർഷത്തെ ജാഗ്രതയോടെയാണ് എതിരേൽക്കുന്നത്. ഇന്ന് കാലവർഷം എത്തുമെന്നാണ് പ്രതീക്ഷ. മറ്റന്നാൾ മുതൽ മഴ ശക്തമായേക്കും. 11 വരെയുള്ള മൂന്ന് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.
അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഞായറാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള കർണാടക തീരത്ത് വടക്ക് പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാക്കുമെന്നുമാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം. മീൻപിടിത്തക്കാർ ജാഗ്രതപാലിക്കണമെന്നും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ മീൻപിടിക്കാൻ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
10ന് തൃശൂരും 11ന് എറണാകുളം, മലപ്പുറം,കോഴിക്കോട് ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 9ന് തൃശൂർ, തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം,കോഴിക്കോട് ജില്ലകളിലും ഒാറഞ്ച് അലർട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
204 മില്ലിമീറ്റർ വരെ മഴയും സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.