തിരുവനന്തപുരം : അമ്പലത്തറ മിൽമയുടെ സ്റ്റാഫ് സഹകരണ സംഘത്തിന്റെ വാതിലുകൾ കുത്തിപ്പൊളിച്ച് 5.75 ലക്ഷംരൂപ കവർന്നതായി പരാതി. സഹകരണ സംഘം പ്രസിഡന്റ് സുരേഷ്‌കുമാറിന്റെ പരാതിയിൽ പൂന്തുറ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 9.30ഓടെ സംഘം തുറക്കാനെത്തിയ താത്കാലിക ജീവനക്കാരനാണ് വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. ഉടൻ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നതായി മനസിലായത്. അകത്തെ മുറിയിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഇന്നലെ ബാങ്കിൽ നിക്ഷേപിക്കാൻ മാറ്റിവച്ച അഞ്ച് ലക്ഷവും വ്യാഴാഴ്ചയിലെ വിറ്റുവരവായ 75,000 രൂപയുമാണ് നഷ്ടമായത്. മുറിക്കുള്ളിൽ ചുവരിനോട് ചേർന്നുള്ള അലമാരകളെല്ലാം മാരകായുധമുപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പിൻവശത്തെ വാതിലും മോഷ്ടാവ് തകർത്തു. സഹകരണ സംഘത്തിന് എതിർവശത്തുള്ള പെട്ടിക്കടയുടെ വാതിലും പൊളിച്ചിരുന്നു. ഇവിടെ നിന്നും പണം നഷ്ടമായിട്ടുണ്ട്. സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഒരു പിക്കാസും തോർത്തും കണ്ടെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് സമാനമായ കവർച്ച ?
അമ്പലത്തറ മേഖലയിൽ അടുത്തിടെ നടക്കുന്ന രണ്ടാമത്ത കവർച്ചയാണിത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അമ്പലത്തറയ്ക്ക സമീപം കൊഞ്ചിറവിളയിലെ വീട്ടിൽ നിന്നും 36 ലക്ഷത്തിലധികം രൂപയുടെ വൻ കവർച്ച നടന്നിരുന്നു. കൊഞ്ചിറവിള ടി.സി 49/490 ൽ അഭിഭാഷകയായ കവിതയുടെ ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. രണ്ടാം നിലയിലുള്ള ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപ വില വരുന്ന 70 പവൻ സ്വർണം, 20 ലക്ഷം രൂപ വില വരുന്ന ഡയമണ്ട്, 25000 രൂപ എന്നിവയാണ് നഷ്ടമായത്. സമാനമായ രീതിയിൽ മിൽമ സഹകരണ സംഘത്തിലും വാതിലുകളെല്ലാം മാരകായുധങ്ങൾ കൊണ്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കാൾ കവർച്ച നടത്തിയിരിക്കുന്നത്. പ്രദേശത്തെ കുറിച്ച് നന്നായി അറിയാവുന്നവരാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. അതേസമയം അന്യസംസ്ഥാന തിരുട്ട് സംഘങ്ങൾ ഈ മേഖലയിൽ സജീവമാണോയെന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്.