sac

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ കോഴ്‌സുകളും ഫണ്ടും അനുവദിക്കാൻ സംസ്ഥാന അക്രഡിറ്റേഷൻ സെന്ററിന്റെ (സാക്) അക്രഡി​റ്റേഷൻ നിർബന്ധമാക്കുന്നു. ഇതിനായി നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡി​റ്റേഷൻ കൗൺസിൽ (നാക്) മാതൃകയിൽ സാക് മാർഗരേഖയ്ക്ക് അന്തിമരൂപമായി.

റൂസ പദ്ധതിയിൽ നാക് അക്രഡി​റ്റേഷൻ ഉള്ള കോളേജുകൾക്ക് മാത്രമാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്. റൂസ ഫണ്ടിൽ 60 ശതമാനം കേന്ദ്രം നൽകുമ്പോൾ 40 ശതമാനം സംസ്ഥാന വിഹിതമാണ്. ഭാവിയിൽ ഫണ്ട് പൂർണമായും അക്രഡി​റ്റഡ് സ്ഥാപനങ്ങൾക്ക് മാത്രമാകുമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്‌ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു.

കൂടുതൽ സ്ഥാപനങ്ങളെ നാക് അക്രഡി​റ്റേഷന് സജ്ജമാക്കാനാണ് 'സാക്' ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 1475 കോളജുകളും 13 സർവകലാശാലകളും ഉണ്ടെങ്കിലും നാക് / എൻ.ബി.എ അക്രഡി​റ്റേഷനുള്ളത് 218 സ്ഥാപനങ്ങൾക്ക് മാത്രമാണ്. 70ശതമാനം നാക് മാനദണ്ഡങ്ങളും സംസ്ഥാനത്തിന്റേതായ 30 ശതമാനം മാനദണ്ഡങ്ങളും ചേർത്തായിരിക്കും സാക് അക്രഡി​റ്റേഷൻ നടപ്പിലാക്കുക. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ അടുത്തമാസം തന്നെ സാക് തുടങ്ങുമെന്ന് മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് പറഞ്ഞു.

മതനിരപേക്ഷത, ജനാധിപത്യം, ശാസ്‌ത്രീയ മനോഭാവം തുടങ്ങിയ മാനദണ്ഡങ്ങൾ ആയിരിക്കും കേരളത്തിന്റ പ്രത്യേക ഘടകങ്ങളായി അസസ്‌മെന്റിന് സാക് പരിഗണിക്കുക. ശാസ്‌ത്രീയമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം ഉൾപ്പെടെ പരിഗണിക്കണമെന്ന് വെള്ളിയാഴ്ച വിദഗ്ദ്ധസമിതിയുടെ യോഗത്തിൽ നിർദ്ദേശം ഉയർന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ ഉൾക്കൊള്ളുന്നത് പ്രത്യേക മാനദണ്ഡമാകും. നാക്കിനെ നിയന്ത്റണ സ്വഭാവമുള്ള ഉന്നത സമിതിയാക്കും.
നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് എജ്യുക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ വൈസ്ചാൻസലർ പ്രൊഫ. എൻ.വി വർഗീസ്, മലേഷ്യ വവാസം ഓപ്പൺ യൂണിവേഴ്‌സി​റ്റി ഡെപ്യൂട്ടി വൈസ്ചാൻസലർ പ്രൊഫ. മോഹൻ ബി. മേനോൻ, ബംഗളുരു ഇന്ത്യൻ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് സയൻസിലെ എമിറ​റ്റസ് പ്രൊഫസർ എൻ.ജെ. റാവു, നാക് മുൻ ഡയറക്ടർ പ്രൊഫ. രംഗനാഥ് അന്ന ഗൗഡ, ആസൂത്രണ ബോർഡംഗം ഡോ.കെ. രവിരാമൻ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.

ഗ്രേഡിംഗ് ഇങ്ങനെ

നാക് മാനദണ്ഡപ്രകാരം 1000 പോയിന്റിലും സംസ്ഥാന മാനദണ്ഡപ്രകാരം 300 പോയിന്റിലും സ്ഥാപനങ്ങളെ വിലയിരുത്തും. രണ്ടും ചേർത്ത് ആയിരം പോയിന്റിലേക്ക് മാ​റ്റും. രണ്ടിലുമായി ലഭിക്കുന്ന നാക് - സാക് കോംബോ സ്‌കോർ പ്രകാരം സ്ഥാപനങ്ങളെ സംസ്ഥാനതലത്തിൽ റാങ്കിംഗ് നടത്തും. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ചായിരിക്കും ഗ്രേഡിംഗ്