തിരുവനന്തപുരം: ഇടിമിന്നലിൽ ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് കത്തി മൂന്നു നാൾ വൈദ്യുതി നിലച്ച കാഞ്ഞിരപ്പിള്ളി മണിമലപഴയിടം കോളനിയിലെ ഇരുപത് പാവപ്പെട്ട കുടുംബങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കടപ്പെട്ടിരിക്കുന്നു. കെ.എസ്.ഇ ബി ഓഫീസിലുള്ളവരോട് അപേക്ഷിച്ചിട്ടും വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ വരെ വിളിച്ചു പറഞ്ഞിട്ടും നടക്കാത്ത കാര്യം അറിഞ്ഞയുടൻ ഇടപെട്ട് സാധിച്ചു കൊടുത്തു രമേശ്.
ചൊവ്വാഴ്ച രാത്രിയിലെ ഇടിയിലും മഴയിലുമാണ് കോളനിയിൽ കറണ്ട് പോയത്. മണിമല സെക്‌ഷൻ ഓഫീസിൽ ബന്ധപ്പെടുമ്പോഴൊക്കെ ട്രാൻസ്‌ഫോർമറിലെ തകരാറാണ്, 'ഇപ്പ ശര്യാക്കിത്തരാം" എന്നായിരുന്നു മറുപടി. ഒന്നും ശരിയായില്ല. വ്യാഴാഴ്ചയായിട്ടും വൈദ്യുതി എത്താതെ വന്നതോടെ കോളനി നിവാസികളിലൊരാളായ ചന്ദ്രാലയത്തിൽ ബിന്ദു ജയൻ അറ്റകൈ പ്രയോഗിച്ചു നോക്കി. വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഓഫീസിലെ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ച് കാര്യം പറഞ്ഞു. മണിമല സെക്‌ഷൻ ഓഫീസിൽ വിളിച്ചറിയിക്കേണ്ട കാര്യമേയുള്ളൂവെന്നായിരുന്നു മറുപടി. രണ്ട് ദിവസമായി സെക്‌ഷൻ ഓഫീസിൽ കയറിയിറങ്ങുകയാണെന്ന് പറഞ്ഞിട്ടും മന്ത്രിയുടെ ഒാഫീസ് അനങ്ങിയില്ലെന്ന് ഇവർ പറയുന്നു.
വൈദ്യതിയില്ലാതെ വ്യാഴാഴ്ചയും കടന്നുപോയി. വെള്ളിയാഴ്ച വൈകുന്നേരമായിട്ടും ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് കെട്ടാൻ ആരുമെത്തിയില്ല. ഇതിനിടെയാണ് ബിന്ദുജയന് പ്രതിപക്ഷ നേതാവിന്റെ മൊബൈൽ നമ്പർ കിട്ടിയത്. അദ്ദേഹത്തോട് പരാതി പറഞ്ഞപ്പോൾ നോക്കാമെന്ന മറുപടി കിട്ടി. കോളനിക്കാരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂറിനുള്ളിൽ ബൾബുകൾ തെളിഞ്ഞു. പ്രതിപക്ഷ നേതാവ് വിളിച്ചയുടൻ സെക്‌ഷൻ എക്സിക്യൂട്ടീവ് എൻജിനിയറുടെ നിർദ്ദേശപ്രകാരം ജീവനക്കാരെത്തി ട്രാൻസ്‌ഫോർമറിലെ തകരാർ പരിഹരിക്കുകയായിരുന്നു. റബർ തൊഴിലാളികളും ഇടത്തരം കർഷകരുമാണ് പഴയിടം കോളനിയിലെ താമസക്കാർ. വൃദ്ധരും കുട്ടികളുമടക്കം നൂറോളം പേർ ഇവിടെയുണ്ട്.
ആരും വിളിച്ചില്ല: മന്ത്രിയുടെ ഒാഫീസ്
ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ ഒാഫീസിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്. മന്ത്രിയുടെ ഒാഫീസിൽ കോളനി നിവാസികൾ വിളിച്ചിട്ടില്ല. ആരെങ്കിലും വിളിച്ച് പരാതി പറഞ്ഞാൽ നിഷേധ മറുപടി നൽകാറില്ലെന്നും ഉടൻ നടപടിയെടുക്കാറുണ്ടെന്നും വിശദീകരിച്ചു.