തിരുവനന്തപുരം: മദ്യലഹരിയിൽ റോഡിൽ ബഹളമുണ്ടാക്കിയ അക്രമികളെ പിടികൂടാനെത്തിയ എസ്.ഐക്ക് മർദ്ദനം. പേരൂർക്കട എസ്.ഐ വി.എസ്. സുമേഷ് ലാലിനു നേരെയാണ് നാലംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂർക്കട ഗവ. ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. സംഘത്തിലുൾപ്പെട്ട പേരൂർക്കട സ്വദേശി ശ്രീജിത്തിനെ പൊലീസ് പിടികൂടി. ഒട്ടേറെ ക്രമിനൽ കേസുകളിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് എസ്‌.ഐ പറയുന്നത്: വൈകിട്ട് മണ്ണാമൂലയ്ക്കടുത്തു റോഡിൽ ഒരു സംഘം പ്രശ്‌നമുണ്ടാക്കുന്നതായി ഫോൺകോൾ ലഭിച്ചു. സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ ഒട്ടേറെ ക്രമിനൽ കേസുകളുള്ള സംഘമാണെന്ന് വിവരം ലഭിച്ചു. പരസ്‌പരം തല്ലിയ ഇവർ ചികിത്സ തേടിയിട്ടുണ്ടെന്നറിഞ്ഞാണ് ആശുപത്രിയിലേക്ക് പോയത്. ഒപ്പം രണ്ടു പൊലീസുകാർ ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ ശ്രീജിത്ത് ബഹളം വയ്ക്കാനും അക്രമിക്കാനും തുടങ്ങി. യൂണിഫോം വലിച്ചു കീറി മർദ്ദിക്കുകയായിരുന്നു. കൂടുതൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ശ്രമിച്ചതോടെ ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്നവർ രക്ഷപ്പെടുകയായിരുന്നെന്നും എസ്.ഐ പറഞ്ഞു.